'ഒറ്റവരി കവിത പോലെ'; കവി എ അയ്യപ്പന്റെ ഓർമകൾക്ക് 16 വയസ്

ഏകാകിയായി അലഞ്ഞും എവിടെനിന്നെന്നില്ലാതെ പ്രത്യക്ഷപ്പെട്ടും മലയാളിയുടെ ഉള്ളിൽ കവിതയുടെ തീകോരിയിട്ട എ അയ്യപ്പന്റെ ഓർമകൾക്ക് 16 വയസ്. 2010 ഒക്ടോബർ 21ന്റെ സായാഹ്നത്തിൽ പതിവ് യാത്രയ്ക്കിടെ വഴിയരികിലായിരുന്നു അവസാനം. 62ാം വയസിൽ അവസാനവരിയും കുറിച്ച് മടങ്ങുമ്പോൾ ആ അതുല്യകവിയെ ലോകം തിരിച്ചറിഞ്ഞിരുന്നില്ല. തെരുവോരത്ത് അജ്ഞാതനായി അബോധാവസ്ഥയിൽ കിടന്ന് ആ അവധൂതൻ്റെ മരണവും വൈകാരികത നിറഞ്ഞ ഒരു കവിത പോലെയായി. മരിക്കുമ്പോഴും ഒരു കവിതയുടെ തുണ്ട് കയ്യിലുണ്ടായിരുന്നു.
അന്നൊരു വ്യാഴാഴ്ചയായിരുന്നു. വൈകിട്ട് തമ്പാനൂർ ശ്രീകുമാർ തിയറ്ററിനു മുന്നിൽ അബോധാവസ്ഥയിൽ കണ്ടെത്തി പൊലീസ് ജനറൽ ആശുപത്രിയിലെത്തിച്ച അജ്ഞാതൻ അയ്യപ്പനാണെന്ന് അറിയുന്നത് വെള്ളിയാഴ്ച രാവിലെയാണ്. ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. ശനിയാഴ്‌ച ചെന്നൈയിൽ ആശാൻ പുരസ്കാരം ഏറ്റുവാങ്ങാനിരിക്കെയാണ് വേർപാട്.
വരികളാൽ ഉള്ളുപൊള്ളിച്ച അയ്യപ്പൻ, കവിതയിലെ അനന്തമായ വഴികൾ പോലെ ജീവിതത്തെയും വന്യമായ ആഘോഷങ്ങളാക്കി. അക്ഷരാർഥത്തിൽ കവിത 'വിറ്റ' കവിയാണ്. പത്രമാഫീസുകളിൽ അയ്യപ്പൻ എത്തുന്നത് ഒരു കീറ് കവിതയുമായാണ്. അത് കൊടുത്ത് പ്രതിഫലവും വാങ്ങി മടക്കം. നിമിഷ കവിതകൊണ്ടും അയ്യപ്പൻ പത്രാധിപന്മാരെ വിസ്‌മയിപ്പിച്ചു. ആ കവിതകളും ചിട്ടവട്ടങ്ങളുടെ വേലിക്കെട്ടുകൾ പൊളിച്ചുകടന്നു.
1949 ഒക്ടോബർ 27ന് അറുമുഖം ആചാരിയുടെയും മുത്തമ്മാളിൻ്റെയും മകനായി തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ജനിച്ചു. ചെറുപ്പത്തിൽ തന്നെ എഴുതിത്തുടങ്ങിയ അയ്യപ്പൻ പ്രഭാത് ബുക്ക് ഹൗസിൽ പ്രൂഫ് റീഡറായും എഡിറ്ററായും ജോലി ചെയ്തു. നവയുഗം പ്രസിൽ പ്രൂഫ് റീഡറായിരുന്നു. പിന്നീട് മാനേജരായി. 'അക്ഷരം' മാസികയുടെ പ്രസാധകനും പത്രാധിപരുമായിരുന്നു. 'ബോംബെ വേദി' ലേഖകനായും പ്രവർത്തിച്ചു.
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് 'ഓണക്കാഴ്‌ച' എന്ന പേരിൽ ആദ്യ കഥാസമാഹാരം പ്രസിദ്ധപ്പെടുത്തിയത്. പിന്നീട് കവിതാരചനയിലേക്ക് തിരിഞ്ഞു. ബലിക്കുറിപ്പുകൾ (1982), ചിത്തരോഗാശുപത്രിയിലെ ദിവസങ്ങൾ (1985), പ്രവാസിയുടെ ഗീതം (1989), ബുദ്ധനും ആട്ടിൻകുട്ടിയും (1990), മാളമില്ലാത്ത പാമ്പ് (1992), കറുപ്പ് (1995), വെയിൽ തിന്നുന്ന പക്ഷി (1997), ജയിൽ മുറ്റത്തെ പൂക്കൾ (1998), കണ്ണ് (1999), ഗ്രീഷ്‌മവും കണ്ണീരും (2000), മുക്ത ഛന്ദസ്സ് (2000) ചിറകുകൾ കൊണ്ടൊരു കൂട്, മുളന്തണ്ടിന് രാജയക്ഷ്മാവ്, കൽക്കരിയുടെ നിറമുള്ളവർ, യുദ്ധത്തിന്റെ ചിഹ്നം എന്നിവയാണ് പ്രധാന കൃതികൾ. മിൽ ഓൺ ദി ഫ്ളോസ് എന്ന കൃതി വിവർത്തനം ചെയ്തിട്ടുണ്ട്. 1992ൽ പ്രവാസിയുടെ ഗീതത്തിന് കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാർഡ് ലഭിച്ചു.







0 comments