Deshabhimani

ടൈഗർ ഷ്രോഫിന് നേരെ ആക്രമണം: രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ കൂടി അറസ്റ്റിൽ

Tiger
വെബ് ഡെസ്ക്

Published on Oct 21, 2026, 08:25 AM | 1 min read

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ട് ജുഹുവിൽ നടന്ന വെടിവെപ്പ് കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേർ കൂടി അറസ്റ്റിൽ. കുനാൽ, സുമിത്, രാധ, ബബിത എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മുംബൈ പൊലീസിന് കൈമാറി. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ എത്തിച്ചുനൽകുന്നതിൽ നിർണായക പങ്ക് വഹിച്ചവരാണ് അറസ്റ്റിലായതെന്ന് അന്വേഷണസംഘം പറഞ്ഞു.


കുനാലും സുമിതുമാണ് ആയുധങ്ങൾ സംഘടിപ്പിച്ചത്. രാധയും ബബിതയും മുംബൈയിലെ ദാദറിലെത്തി, അവിടെയുണ്ടായിരുന്ന മൂന്ന് അക്രമികൾക്ക് തോക്കുകൾ കൈമാറുകയായിരുന്നു. സംഭവത്തിൽ ഹൃതിക് എന്ന റോഷൻ, രേഹാൻ, ഫൂൽ സിങ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.


ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹുവിൽ ഫുട്ബോൾ കളിക്കാൻ പോയപ്പോഴാണ് ടൈഗർ ഷ്രോഫിന് നേരെ ആക്രമണമുണ്ടായത്. മോട്ടോർസൈക്കിളിലെത്തിയ മൂന്ന് പേരാണ് വെടിവയ്പ്പ് നടത്തിയത്. അദ്ദേഹം സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറിന് നേരെ അക്രമികൾ 6-7 റൗണ്ട് വെടിയുതിർത്തു.


ആക്രമണത്തിൽ നടന് പരിക്കേറ്റിട്ടില്ല. നടന്റെ ഡ്രൈവർക്കും ഓട്ടോറിക്ഷ ഡ്രൈവറിനും പരുക്കേറ്റു. സംഭവത്തിൽ അറസ്റ്റിലായവർക്ക് ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്നാണ് വിവരം. നടൻ സൽമാൻ ഖാനുമായുള്ള അടുപ്പമാണ് ടൈഗർ ഷ്രോഫിന് നേരെയുള്ള ആക്രമണത്തിന് കാരണമെന്ന് ഈ സംഘം അവകാശപ്പെട്ടിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ട് സൽമാൻ ഖാനെ ലക്ഷ്യമിടാൻ സംഘം ശ്രമിച്ചുവരികയായിരുന്നു.


ടൈഗർ ഷ്രോഫിനെ വധിക്കുന്നതിലൂടെ ബോളിവുഡിൽ ഭീതി പരത്താനാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ആക്രമികൾ പൊലീസിനോട് പറഞ്ഞതായാണ് വിവരം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home