കോവളത്ത് 16കാരിക്ക് പീഡനം: അനുരൂപിന് കൂടുതൽ സ്പാകളുമായി ബന്ധം

തിരുവനന്തപുരം: കോവളത്ത് പെൺകുട്ടിയെ സ്‌പായിലെത്തിച്ച് പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അനുരൂപിന് കൂടുതൽ സ്പാകളുമായി ബന്ധമുള്ളതായി പൊലീസ്. രണ്ട് സ്പാകളി കൂടി ഉടമയാണ് അനുരൂപെന്ന് പൊലീസ് സംശയിക്കുന്നു. തിരുവനന്തപുരം കോർപറേഷനിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ശേഷമാണ് ഇയാൾ സ്പാ ഇടപാടുകൾ നടത്തിയതെന്നാണ് കണ്ടെത്തൽ. അനുരൂപുമായി സംസാരിച്ച ശേഷമാണ് പെൺകുട്ടിയെ സ്പായിലെത്തിച്ചതെന്നാണ് വിവരം.
അതേസമയം, അറസ്റ്റിലായതോടെ അനുരൂപിനെ പിരിച്ചുവിട്ട് മുഖം രക്ഷിക്കാൻ വഴി തേടുകയാണ് തിരുവനന്തപുരം കോർപറേഷൻ. പിടിയിലായതോടെ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സ്പായിലെ ബിനാമി ഇടപാട് തെളിഞ്ഞതോടെയാണ് അനുരൂപ് അറസ്റ്റിലായത്.
സ്പാ പീഡനക്കേസിൽ തമിഴ്നാട്ടിലെ ഗുഡുവാഞ്ചേരി പൊലീസ് സ്റ്റേഷനിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ തമിഴ്നാട്ടിലെത്തിച്ചും പീഡനശ്രമമുണ്ടായതായാണ് റിപ്പോർട്ടുകൾ. പെൺകുട്ടി തിരിച്ചറിയുന്നവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിൽ പെൺകുട്ടിയെ എത്തിച്ച സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തും. അന്വേഷണ പുരോഗതി വിലയിരുത്താൻ പൊലീസ് സംഘം ഇന്ന് യോഗം ചേരും.
കോവളത്തെ സ്പായിൽ ആന്ധ്രാ സ്വദേശിയായ 16കാരിയാണ് പീഡനത്തിനിരയായത്. അച്ഛനും അമ്മയുമില്ലാത്ത പെൺകുട്ടിയെ ഇതേ സ്‌പാകളിൽ ജീവനക്കാരായ ചെറിയമ്മയും ഭർത്താവുമാണ് സ്‌പാ ഉടമകൾക്ക് കൈമാറിയത്. ഇരുവരും അനാശാസ്യപ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നവരാണെന്നും പൊലീസ് പറഞ്ഞു.
ദക്ഷിണമേഖലാ ഐജി ആർ നിശാന്തിനിയുടെ മേൽനോട്ടത്തിൽ ഫോർട്ട് എസിപി പ്രദീപ്, കോവളം സിഐ ശ്രീകുമാർ, സൈബർ സെൽ, നർകോട്ടിക് സെൽ, വനിതാ പൊലീസ് ഉൾപ്പെട്ട ഒമ്പതംഗ സംഘമാണ് നിലവിൽ കേസിൽ അന്വേഷണം നടത്തുന്നത്. അനുരൂപ് ഉൾപ്പെടെ അഞ്ച് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. മറ്റ് നാല് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോവളത്തെ ‘കേരള സ്‌പാ’ ഉടമ ആലപ്പുഴ മാവേലിക്കര നൂറനാട് നടുവിലെമുറി നയനവീട്ടിൽ സജിത്ത് കുമാർ (47), ‘ഡ്രീംസ് സ്പാ’ ഉടമ പൂവാർ ആശുപത്രി ജങ്‌ഷൻ സാഫല്യംവീട്ടിൽ എം എസ് നിശാന്ത് (46), ആന്ധ്ര സ്വദേശിനിയായ 16കാരിയുടെ മാതൃസഹോദരി നാഗലക്ഷ്‌മി, ഇവരുടെ സുഹൃത്ത് ഗോപി എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്.
നാഗലക്ഷ്‌മിയേയും ഗോപിയേയും കഴിഞ്ഞദിവസം ആന്ധ്രപ്രദേശിലെ ബാലസമുദ്രത്തിൽനിന്നാണ് പിടികൂടിയത്. നാഗലക്ഷ്‌മി, ഗോപി എന്നിവർ സ്‌പാകളിൽ ജോലിചെയ്‌ത് അനാശാസ്യത്തിന് നേതൃത്വം നൽകുന്നവരാണ്. ആദ്യം ആയുർ കേരള റിസോർട്ടിലാണ് കുട്ടിയെ എത്തിച്ചത്. ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടിട്ട് ലഭിക്കാത്തതിനാൽ ഡ്രീംസ് സ്പായിൽ എത്തിക്കുകയായിരുന്നു. കൂടുതൽ സ്‌പാകൾക്ക് കുട്ടിയെ കൈമാറിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.








0 comments