ad
Deshabhimani

മത്സരത്തിനിടെ വായ മൂടിപ്പിടിച്ച് സംസാരിച്ചു; ലോകകപ്പിലെ പുതിയ നിയമത്തിൽ കുടുങ്ങി ചുവപ്പ് കാർഡ് വാങ്ങി പരാഗ്വേ താരം

red card wc

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jun 20, 2026, 03:11 PM | 2 min read

സാൻ ഫ്രാൻസിസ്കോ: കളിക്കളത്തിൽ വെച്ച് എതിർതാരത്തോട് സംസാരിക്കുമ്പോൾ കൈകൊണ്ട് വായ മറച്ചുപിടിച്ചതിന് ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു കളിക്കാരന് ചുവപ്പ് കാർഡ്. തുർക്കിക്കെതിരെ സാൻ ഫ്രാൻസിസ്കോയിൽ നടന്ന ഗ്രൂപ്പ് മത്സരത്തിനിടെ പരാഗ്വേയുടെ 32-കാരനായ വിംഗർ മിഗുവെൽ അൽമിറോണാണ് ചുവപ്പ് കാർഡ് ലഭിച്ചത്


തുർക്കി താരം മെർട്ട് മുൽദൂറിനോട് സംസാരിക്കവെ അൽമിറോൺ കൈകൊണ്ട് വായ മറച്ചുപിടിക്കുകയായിരുന്നു. മുൽദൂർ ഉടൻ തന്നെ തൊട്ടടുത്തുണ്ടായിരുന്ന ഒഫീഷ്യലിനെ വിവരം അറിയിച്ചു.


തുടർന്ന് വീഡിയോ അസിസ്റ്റന്റ് റഫറിയുടെ പരിശോധനയ്ക്ക് ശേഷം റഫറി ഇവാൻ ബാർട്ടൻ, അൽമിറോണിന് ചുവപ്പ് കാർഡ് നൽകുകയാണെന്ന് സ്റ്റേഡിയത്തിലെ കാണികളെ അനൗൺസ്മെന്റിലൂടെ അറിയിക്കുകയായിരുന്നു. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പരാഗ്വേ 1-0 ന് മുന്നിട്ടുനിൽക്കുമ്പോഴായിരുന്നു ഈ നാടകീയ സംഭവം.


എന്താണ് ഈ പുതിയ നിയമം?


ഇത്തവണത്തെ ലോകകപ്പിലാണ് വായ മറച്ചു സംസാരിക്കുന്നവർക്കെതിരെ ചുവപ്പ് കാർഡ് നൽകാനുള്ള പുതിയ നിയമം ആദ്യമായി നടപ്പിലാക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ വാൻകൂവറിൽ നടന്ന ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിന്റെ പ്രത്യേക യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.


കളിക്കാർ വായ മറച്ചു സംസാരിക്കുമ്പോൾ, അവർ 'പറയാൻ പാടില്ലാത്ത എന്തോ ഒന്ന്' പറഞ്ഞു എന്ന അനുമാനത്തിൽ വേണം റഫറിമാർ തീരുമാനമെടുക്കാനെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ചുവപ്പ് കാർഡ് നൽകണോ എന്നത് പൂർണ്ണമായും റഫറിയുടെ വിവേചനാധികാരത്തിന് കീഴിലാണ് വരുന്നത്.


കഴിഞ്ഞ ഫെബ്രുവരിയിൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ബെൻഫിക്ക വിംഗർ ജിയാൻലൂക്ക പ്രെസ്റ്റിയാനി, റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനോട് സംസാരിക്കുമ്പോൾ ജേഴ്‌സി കൊണ്ട് വായ മറച്ചതിനെത്തുടർന്ന് വലിയ വിവാദമുണ്ടായിരുന്നു.


തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രെസ്റ്റിയാനി ഹോമോഫോബിക് പരാമർശം നടത്തിയതായി കണ്ടെത്തുകയും ആറ് മത്സരങ്ങളിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷമാണ് വായ മറച്ചു സംസാരിക്കുന്നതിനെതിരെ കർശന നിയമം കൊണ്ടുവന്നത്.


പരാഗ്വേക്ക് നിർണായകം


അൽമിറോൺ പുറത്തായതിനെത്തുടർന്ന് മത്സരത്തിന്റെ പകുതിയിലധികം സമയവും പത്തുപേരുമായാണ് കളിച്ചതെങ്കിലും തുർക്കിയെ 1-0 ന് തോൽപ്പിക്കാൻ പരാഗ്വേക്ക് കഴിഞ്ഞു. വരാനിരിക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാൽ പരാഗ്വേക്ക് അടുത്ത റൗണ്ടായ റൗണ്ട് ഓഫ് 32 ലേക്ക് യോഗ്യത നേടാം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home