'സർക്കാർ ജോലി നോക്ക് മോളേ...'; കല്യാണവീട്ടിലെ അമ്മാവന്റെ ഉപദേശത്തിന് ഒരൊറ്റ ദിവസം കൊണ്ട് 63,000 രൂപ സമ്പാദിച്ച് യുവതിയുടെ മറുപടി

ന്യൂഡൽഹി: "സർക്കാർ ജോലിക്ക് തയ്യാറെടുക്കൂ മോളേ, അന്തസ്സും സുരക്ഷയും അതിലാണ്. പ്രൈവറ്റ് പണിയിലൊന്നും ഒരു കാര്യവുമില്ല"... വിവാഹവീട്ടിൽ വെച്ച് പരിചയപ്പെട്ട ഒരു അമ്മാവൻ ഖുഷി എന്ന യുവതിക്ക് നൽകിയ ഉപദേശമാണിത്. എന്നാൽ, ഉപദേശം കേട്ട അന്നുതന്നെ തന്റെ കരിയറിലെ ഏറ്റവും ഉയർന്ന ഒറ്റദിവസത്തെ വരുമാനം നേടി ഖുഷി സോഷ്യൽ മീഡിയയിലൂടെ ഇതിന് മറുപടി നൽകി.
"അതിശയകരമെന്നു പറയട്ടെ, അതേ ദിവസം തന്നെയാണ് എന്റെ ജീവിതത്തിൽ ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വരുമാനം ഞാൻ സ്വന്തമാക്കിയത്. എനിക്ക് ഇപ്പോഴും അത് വിശ്വസിക്കാൻ കഴിയുന്നില്ല,". തന്റെ വരുമാനത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ഖുഷി എക്സിൽ കുറിച്ചു. ഒറ്റ ദിവസം കൊണ്ട് 670 ഡോളർ (ഏകദേശം 63,200 രൂപ) ആണ് ഖുഷി സമ്പാദിച്ചത്.
വ്യത്യസ്ത തലമുറകൾ തമ്മിലുള്ള തൊഴിൽ സങ്കൽപ്പങ്ങളുടെ വ്യത്യാസമാണ് പോസ്റ്റിലൂടെ വീണ്ടും ചർച്ചയായിരിക്കുന്നത്. പരമ്പരാഗതമായി സർക്കാർ ജോലികൾ സുരക്ഷിതത്വത്തിന്റെയും സാമൂഹിക പദവിയുടെയും പ്രതീകമായി കാണപ്പെടുമ്പോൾ, ഡിജിറ്റൽ യുഗത്തിലെ ഫ്രീലാൻസിങും ഓൺലൈൻ സംരംഭങ്ങളും പുതിയ വരുമാന സാധ്യതകളാണ് തുറന്നുനൽകുന്നതെന്ന് പുതിയ ആളുകള്‍ അഭിപ്രായപ്പെടുന്നു.
ഖുഷിയുടെ പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്റുകളുമായി ആളുകൾ രംഗത്തെത്തി.
"എനിക്ക് അഴിമതി നടത്താൻ അറിയില്ല, അതുകൊണ്ട് സർക്കാർ ജോലി എന്നെക്കൊണ്ട് പറ്റില്ല എന്ന് ആ അങ്കിളിനോട് പറയൂ,". ഒരു ഉപയോക്താവ് തമാശയായി കുറിച്ചു.
"എക്സിലെ വെറും 14 ദിവസത്തെ സൈഡ് വർക്ക് ഒരു സാധാരണ സർക്കാർ ജോലിയേക്കാൾ വലിയ വരുമാനം തരുന്നുണ്ടെന്ന് അങ്കിളിന് മനസ്സിലാകില്ല. അവർക്ക് പദവിയും അധികാരവും മാത്രമാണ് പ്രധാനം,". മറ്റൊരാൾ അഭിപ്രായപ്പെട്ടു.
"മാസം 63,000 രൂപ സമ്പാദിക്കുന്നത് സ്വപ്നമായി കാണുന്ന ആളുകളോട് നിങ്ങൾ ഒരു ദിവസം കൊണ്ട് അത് നേടി എന്ന് പറയുന്നതാണ് ഇതിലെ ഏറ്റവും വലിയ തമാശ,". എന്നായിരുന്നു മറ്റൊരു കമന്റ്.










0 comments