ad
Deshabhimani

ഗവിയിൽ കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് സഹായം; കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്ന് കെ യു ജനീഷ് കുമാര്‍

K U Jenish Kumar at Gavi Menaka murder

മേനകയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയ കെ യു ജനീഷ്കുമാർ എംഎൽഎ

വെബ് ഡെസ്ക്

Published on Jun 20, 2026, 04:04 PM | 1 min read

കോന്നി: ഗവി വനത്തിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ട അങ്കണവാടി ഹെൽപ്പർ മേനക(32)യുടെ കുടുംബത്തിന് ധനസഹായം ഉറപ്പാക്കുമെന്ന് കോന്നി എംഎൽഎ കെ യു ജനീഷ് കുമാര്‍ പറഞ്ഞു. മേനകയുടെ നാലുവയസ്സുള്ള കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് എംഎൽഎ എന്ന നിലയിൽ താൻ സ്പോൺസർ ചെയ്യുമെന്നും ജനീഷ് കുമാർ അറിയിച്ചു. മേനകയ്ക്ക് അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎൽഎ.


വ്യാഴം രാവിലെയാണ് മീനാർ അങ്കണവാടിയിലെ ഹെൽപ്പറായ ​ഗവി സ്വദേശി മേനകയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഗവി– മൂഴിയാർ റൂട്ടിൽ മൂന്നാംബ്ലോക്ക് ഭാഗത്ത് റോഡിൽനിന്ന്‌ 60 മീറ്റർ താഴെ തോട്ടിലാണ്‌ മേനകയുടെ മൃതദേഹം കണ്ടത്‌. സംഭവത്തിൽ അറസ്റ്റിലായ മൂഴിയാർ ആദിവാസി ഉന്നതിയിലെ വിനോദ്‌കുമാറി (കുമാരൻ– 44) നെ റാന്നി ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി 14 ദിവസത്തേയ്‌ക്ക്‌ റിമാൻഡ് ചെയ്തു. പ്രതിയെ കൂടുതൽ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കസ്‌റ്റഡിയിൽ വാങ്ങും. കൊലയ്‌ക്കുപിന്നിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നോ എന്ന്‌ അന്വേഷിക്കും.


മേനക അതിക്രൂരമായാണ് കൊല്ലപ്പെട്ടതെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്‌. കഴുത്തുഞെരിച്ച് വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു. വീട്ടിൽനിന്ന്‌ മൂന്നുകിലോമീറ്റർ അകലെയുള്ള അങ്കണവാടിയിലേക്കുള്ള യാത്രയ്‌ക്കിടെ മേനക തമിഴ്നാട്ടിലുള്ള ബന്ധുവിനെ ഫോണിൽവിളിച്ച്‌ തനിക്ക് അപകടം പറ്റിയെന്ന്‌ പറഞ്ഞുതീരുംമുന്പേ ഫോൺ കട്ടായി. തമിഴ്നാട്ടിലെ ബന്ധുക്കൾ ഉടൻ ഗവി കൊച്ചുപമ്പയിൽ താമസിക്കുന്ന മേനകയുടെ അച്ഛൻ വിജയകുമാറിനെ വിളിച്ചറിയിച്ചു. ഇദ്ദേഹം കെഎഫ്ഡിസി അധികൃതർക്ക്‌ വിവരം കൈമാറിയതോടെ നടത്തിയ തെരച്ചിലിൽ മൂന്നാം ബ്ലോക്ക് ഭാഗത്ത് കാട്ടിലൂടെ എന്തോ വലിച്ചിഴച്ചതിന്റെ ലക്ഷണം ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് റോഡിൽനിന്ന്‌ 60 മീറ്റർ താഴ്‌ചയിൽ തോട്ടിൽ വിവസ്‌ത്രയാക്കപ്പെട്ട നിലയിൽ മേനകയുടെ മൃതദേഹം കണ്ടെത്തിയത്.


സംഭവശേഷം കെഎസ്ആർടിസി ബസിൽ വണ്ടിപ്പെരിയാർ ഭാഗത്തേക്ക് കടന്ന പ്രതിയെ വള്ളക്കടവ് ചെക്ക്‌പോസ്‌റ്റിൽനിന്ന് എസ്ഐ ജയകൃഷ്‌ണൻനായരുടെ നേതൃത്വത്തിലാണ് പൊലീസ്‌ കസ്‌റ്റഡിയിലെടുത്തത്. മേനക ബലാത്സംഗത്തിനിരയായതിന്‌ അനുബന്ധ തെളിവുകൾക്കായി സാന്പിൾ രാസപരിശോധനയ്‌ക്ക്‌ അയച്ചിരിക്കുകയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home