വാഹന പരിശോധനക്കിടെ അപകടം; പരിക്കേറ്റ പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി

പൊലീസുകാരെ ഇടിച്ച കാർ
കാഞ്ഞങ്ങാട്: കാസർകോട് പടന്നക്കാട് വാഹന പരിശോധനക്കിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി. സിവിൽ പൊലീസ് ഓഫീസർമാരായ വലിയപറമ്പ് സ്വദേശി സൂരജ് (32), കുന്നുംകൈ സ്വദേശി അലോഷ്യസ് (39) എന്നിവരുടെ കാലുകളാണ് മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചു നീക്കിയത്.
ശസ്ത്രക്രിയ നടത്തിയെങ്കിലും മറ്റ് അവയവങ്ങളെക്കൂടി ബാധിക്കുമെന്നതിനാലാണ് കാലുകൾ നീക്കിയത്. ഒരാളുടെ കാല്‍മുട്ടിന് താഴെവെച്ചും മറ്റൊരാളുടെ കാല്‍പ്പാദവുമാണ് നീക്കിയത്.
വ്യാഴം പകൽ ഒന്നോടെ പടന്നക്കാട് ഐങ്ങോത്താണ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് അപകടം വരുത്തിവെക്കുന്ന വിധത്തില്‍ നിര്‍ത്തിയിട്ട ലോറികള്‍ മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്ന പൊലീസുകാരെ കാഞ്ഞങ്ങാട്ട് നിന്ന് കണ്ണൂര്‍ ആശുപത്രിയിലേക്ക് അമിതവേഗത്തിൽ പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. പൊലീസ് വാഹനത്തിന് പിറകിൽ നിൽക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്കാണ് കാറിടിക്കുകയായിരുന്നു. ജീപ്പിനും കാറിനുമിടയിൽ കുടുങ്ങിയാണ് രണ്ടുപേരുടെയും കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്.
പൊലീസുകാരെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാര്‍ കസ്റ്റഡിയിലെടുത്തു.










0 comments