ad
Deshabhimani

print edition തീരം തൊടുമോ 
തിരമാല

ലോകകപ്പ്‌ ഫുട്‌ബോൾ ഉദ്‌ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന മെക്‌സിക്കാേ താരങ്ങൾ പരിശീലനത്തിൽ

ലോകകപ്പ്‌ ഫുട്‌ബോൾ ഉദ്‌ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുന്ന മെക്‌സിക്കാേ താരങ്ങൾ പരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Jun 11, 2026, 12:14 AM | 2 min read

മെക്‌സിക്കോ സിറ്റി: പന്ത്‌ പതിനാറ്‌ വർഷം പിന്നോട്ടുരുളുന്നു. 2010 ഫുട്‌ബോൾ ലോകകപ്പ്‌ ഉദ്‌ഘാടന വേദി. അന്നുമൊരു ജൂൺ 11 ആയിരുന്നു. ആതിഥേയരായ ദക്ഷിണാഫ്രിക്കയ്‌ക്ക്‌ ജൊഹന്നാസ്‌ബർഗിലെ സോക്കർ സിറ്റി സ്‌റ്റേഡിയത്തിൽ എതിരാളി മെക്‌സിക്കോ. വുവുസേല വിളികളുടെ ആരവത്തിൽ പോരാട്ടം 1–1ന്‌ അവസാനിച്ചു. ഒന്നര പതിറ്റാണ്ടിന്റെ ഇടവേളയ്‌ക്കുശേഷം ഇരുടീമുകളും വീണ്ടുമൊരു ആമുഖ മത്സരത്തിൽ ഏറ്റുമുട്ടുകയാണ്‌. മെക്‌സിക്കോ സിറ്റിയിലെ അസ്‌റ്റെക സ്‌റ്റേഡിയത്തിൽ ഇന്ന്‌ രാത്രി 12.30ന്‌. ആതിഥേയരെന്ന ആത്മവിശ്വാസത്തിൽ മൈതാനത്ത്‌ ഗോൾ തിരമാല തീർക്കാമെന്നാണ്‌ മെക്‌സിക്കോയുടെ കണക്കുക്കൂട്ടൽ. അവസാന ശ്വാസം വരെയും വിട്ടുകൊടുക്കാത്ത ആഫ്രിക്കൻ പോരാട്ടവീര്യത്തിന്‌ മുന്നിൽ അത്‌ ഒട്ടും എളുപ്പമാകില്ല.


സ്വന്തംതട്ടകത്തിൽ ഏറെ മോഹങ്ങളുമായാണ്‌ മെക്‌സിക്കോ ഒരുങ്ങുന്നത്‌. പരിശീലകൻ ഹാവിയർ അഗ്വയറിന്‌ കീഴിൽ മൂന്നാം ലോകകപ്പാണ്‌. 2002ലും 2010ലും അറുപത്തിനാലുകാരനായിരുന്നു കോച്ച്‌. അവസാന എട്ട്‌ കളിയിലും തോൽവിയറിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷം ഗോൾഡ്‌ കപ്പിൽ ചാമ്പ്യൻമാരായി. പോർച്ചുഗലിനെയും ബൽജിയത്തെയും തളച്ചു. സ‍ൗഹൃദ മത്സരത്തിൽ സെർബിയയെ 5–1ന്‌ തരിപ്പമണമാക്കി. യൂറോപ്യൻ ടീമുകൾക്കെതിരായ ഇ‍ൗ മികവാണ്‌ ആത്മവിശ്വാസം കൂട്ടുന്നത്‌. നാൽപ്പതുകാരൻ ഗോൾകീപ്പർ ഗില്ലർമോ ഒച്ചാവോ മുതൽ പതിനേഴുകാരൻ ഗിൽബർട്ടോ മോറ വരെയുള്ള മികച്ച താരനിരയുണ്ട്‌. റ‍ൗൾ ഹിമിനെസ്‌, എഡ്‌സൺ അൽവാരസ്‌, അലെക്‌സിസ്‌ വേഗ തുടങ്ങിയവരിലാണ്‌ പ്രതീക്ഷകൾ.


നാട്ടിൽ പന്തുതട്ടിയശേഷം ആദ്യമായാണ്‌ ദക്ഷിണാഫ്രിക്ക വിശ്വപോരാട്ടത്തിനെത്തുന്നത്‌. നൈജീരിയ ഉൾപ്പെടുന്ന യോഗ്യതാ ഗ്രൂപ്പിൽനിന്നാണ്‌ വരവ്‌. ബൽജിയംകാരൻ ഹ്യ‍ുഗോ ബ്രൂസാണ്‌ പരിശീലകൻ. സമീപകാല പ്രകടനം അത്ര സന്തോഷം നൽകുന്നതല്ല. അവസാന നാല്‌ മത്സരത്തിലും ജയമില്ല. ഗോളടിക്കാനുള്ള മടി പ്രശ്‌നമാകും. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ബേൺലിക്കായി പന്തുതട്ടുന്ന ലൈൽ ഫോസ്റ്റർ, ഗോൾകീപ്പറും ക്യാപ്‌റ്റനുമായ റൊൺവെൻ വില്യംസ്‌ എന്നിവരൊക്കെയാണ്‌ പ്രധാന താരങ്ങൾ. ഇരുടീമുകളും നാല്‌ തവണ ഏറ്റുമുട്ടിയപ്പോൾ മെക്‌സിക്കോ രണ്ടിൽ ജയിച്ചു. ആഫ്രിക്ക ഒന്നിലും. മറ്റൊന്ന്‌ സമനിലയും.


കപ്പിലേക്ക്‌ ആര്‌


ജൂലൈ 19ന്‌ ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിൽ കപ്പുയർത്തുന്ന കരങ്ങൾ ആരുടേതാകും. തുടർച്ചയായ രണ്ടാം കിരീടത്തിന്‌ ലയണൽ മെസിയുടെ അർജന്റീനയോ സ്ഥിരതയുടെ മറുവാക്കായ ഫ്രാൻസോ പ്രതാപകാലം വീണ്ടെടുക്കാനൊരുങ്ങുന്ന ബ്രസീലോ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലോ യുവക്കുതിപ്പിന്റെ സ്‌പെയ്‌നോ? അതോ ഇംഗ്ലണ്ടോ, ജർമനിയോ. ആരാകും ജേതാക്കൾ. ദിദിയർ ദെഷാമിന്‌ കീഴിൽ കരുത്തുറ്റ നിരയുമായാണ്‌ ഫ്രാൻസ്‌ എത്തുന്നത്‌. കിലിയൻ എംബാപ്പെ, ഉസ്‌മാൻ ഡെംബെലെ, മൈക്കേൽ ഒലീസെ, ദിസിരെ ദുവെ, എൻഗോളോ കാന്റെ തുടങ്ങി ഏറ്റവും കരുത്തുറ്റ നിര. പരിക്കുമാറി മെസി കളത്തിലിറങ്ങിയതോടെ അർജന്റീനയും ഒരുങ്ങി.


യുവതാരങ്ങളായ നിക്കോ പാസും വാലെന്റീൻ ബാർകോയും തിയാഗോ അൽമാഡയും മികച്ച പ്രകടനത്തിലാണ്‌. 2002ലാണ്‌ ബ്രസീൽ അവസാനമായി ജേതാക്കളായത്‌. തന്ത്രശാലിയായ കോച്ച്‌ കാർലോ ആൻസെലോട്ടിയിലാണ്‌ പ്രതീക്ഷ. നെയ്‌മറുടെ തിരിച്ചുവരവാണ്‌ പ്രധാന ഘടകം. ​2024 യൂറോയിൽ കിരീടം നേടിയാണ്‌ ലൂയി ഡെ ലാ ഫുയന്റെ പരിശീലിപ്പിക്കുന്ന സ്‌പെയ്‌ൻ എത്തുന്നത്‌. പോർച്ചുഗലിൽ റൊണാൾഡോയ്‌ക്ക്‌ അവസാന അവസരമാണ്‌. മികച്ച ടീമാണ്‌ പോർച്ചുഗൽ. 2016 യൂറോ‍, നേഷൻസ്‌ ലീഗ്‌ നേട്ടത്തിനുശേഷം ലോകകപ്പാണ്‌ ലക്ഷ്യമിടുന്നത്‌.


ലോകകപ്പ്‌ 
രാത്രിയും പകലും


ലോകകപ്പ്‌ ഫുട്‌ബോൾ മത്സരങ്ങൾ ഇന്ത്യയിൽ രാത്രിയും പകലുമായി കാണാം. രാത്രി 9.30നും രാവിലെ 9.30നും ഇടയിൽ 16 സമയങ്ങളിലാണ്‌ എല്ലാ മത്സരങ്ങളും. രാത്രിയിൽ 9.30 നും 10.30നും കളിയുണ്ട്‌. അർധരാത്രി 12.30, 1.30, 2.00, 2.30, 2.30, പുലർച്ച 4.30, 5.00, 5.30, രാവിലെ 6.00, 6.30, 7.00, 7.30, 8.30, 9.30 എന്നീ സമയങ്ങളിലും മത്സരങ്ങളുണ്ട്‌. തത്സമയ സംപ്രേഷണം സീ നെറ്റ്‌വർക്കിലാണ്‌. യുണൈറ്റ്‌ 8 സ്‌പോർട്‌സ്‌ ചാനലിൽ കളി കാണാം. Zee5 ആപ്പിലും കളിയുണ്ട്‌.


അസ്‌റ്റെക, 
ചരിത്രമുറങ്ങുന്ന 
മൈതാനം


കാൽപ്പന്തിന്റെ സിംഹാസനത്തിൽ രണ്ട്‌ ഇതിഹാസ താരങ്ങളെ പ്രതിഷ്‌ഠിച്ച മെക്‌സിക്കോ സിറ്റിയിലെ അസ്‌റ്റെക സ്‌റ്റേഡിയത്തിലാണ്‌ ലോകകപ്പ്‌ കിക്കോഫ്‌. പെലെയും മാറഡോണയും ലോകകപ്പ്‌ നേടിയ വേദിയാണ്‌. 1970ൽ ഇറ്റലിയെ തോൽപ്പിച്ച്‌ പെലെയുടെ ബ്രസീൽ ചാമ്പ്യൻമാരായി. 1986ൽ പശ്‌ചിമജർമനിയെ കീഴടക്കി മാറഡോണയും അർജന്റീനയും ചാമ്പ്യൻമാരായി. ആദ്യമായി മൂന്നാം തവണ ലോകകപ്പിന്‌ വേദിയാകുന്ന സ്‌റ്റേഡിയമെന്ന ഖ്യാതിയും അസ്‌റ്റെക സ്‌റ്റേഡിയത്തിന്‌ സ്വന്തമാകും. 83,264 പേർക്ക്‌ ഇരിപ്പിടമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home