കൊല്ലം കാൽപ്പന്തിന്റെ ഈറ്റില്ലം

കൊല്ലം
കാൽപ്പന്തുകളിയെ കൊല്ലത്തേക്ക് കൊണ്ടുവരുന്നത് ബ്രിട്ടീഷുകാരാണ്. 1809ൽ എത്തിയ 20,000 പട്ടാളക്കാർ പീരങ്കി മൈതാനത്ത് തമ്പടിച്ചു. അവർക്കായി ഏർപ്പെടുത്തിയ കായിക വിനോദങ്ങളിൽ പ്രധാനമായിരുന്നു ഫുട്‌ബോൾ. എഡി 1886ൽ ഉദയംചെയ്ത എച്ച് ആൻഡ് സിയുടെ വരവോടെയാണ് കൂടുതൽ ബ്രിട്ടീഷുകാർ കൊല്ലത്തേക്ക് വന്നതെന്നും ഫുട്‌ബോൾ പ്രചാരത്തിലായതെന്നും പ്രാദേശിക ചരിത്രകാരൻ കെ ആർ രവി മോഹൻ പറഞ്ഞു. ടി കെ ദിവാകരൻ മെമ്മോറിയൽ പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു അവർക്ക് ഗ്രൗണ്ട് ഒരുക്കിയിരുന്നത്. എന്നാൽ, നാട്ടുകാർക്ക് കളിക്കാൻ അവകാശമില്ലായിരുന്നു. പുത്തൻമഠത്തിൽ മാധവൻപിള്ള എന്ന ചെറുപ്പക്കാരൻ ഒരിക്കൽ ഗ്രൗണ്ടിലേക്ക് കടന്നുചെന്ന് അവരോടൊപ്പം കളിക്കാൻ തുടങ്ങി. ഇതുകണ്ട് കുതിരപ്പുറത്ത് വന്ന പട്ടാളക്കരൻ കലിപൂണ്ട് യുവാവിനെ കുതിരച്ചാട്ടകൊണ്ട് മർദിക്കാൻ തുനിഞ്ഞു. മാധവൻപിള്ള ചാട്ടവാറിന്റെ തലപ്പത്ത് പിടിച്ച് പട്ടാളക്കാരനെ വലിച്ചുതാഴെയിട്ടു. ചാടി എഴുന്നേറ്റ പട്ടാളക്കാരൻ മാധവൻപിള്ളയുടെ കായികബലവും ധൈര്യവുംകണ്ട് അമ്പരന്നു. ഉടനെ ഒരു ഷേക്ക് ഹാൻഡ് കൊടുത്ത് അദ്ദേഹത്തെയും കൂടെകൂട്ടി. അതോടെ ഫുട്ബോൾ കളിയിൽ കൊല്ലത്തുകാർക്ക് ഏർപ്പെടുത്തിയിരുന്ന വർണവിവേചനത്തിന് അറുതിയായി. 1900ഓടുകൂടി ബ്രിട്ടീഷ് പട്ടാളം പീരങ്കി മൈതാനത്തുനിന്ന് പലായനം ചെയ്തപ്പോൾ ബാക്കിയായത് അവർ കൊണ്ടുവന്ന ഫുട്‌ബോൾ കൂടിയാണ്. കാലന്തരത്തിൽ നിരവധി മാറ്റംവന്ന ഫുട്‌ബോൾ മത്സരം ഇന്ന് കൊല്ലത്തിന്റെ ഒഴിച്ചുകൂടാത്ത കായികവിനോദമാണ്. തേവള്ളി സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങിയ കാൽപ്പന്ത് ഓളം നാട്ടിലെങ്ങും കച്ചികൊണ്ടുണ്ടാക്കിയ കാൽപ്പന്തുമായി നാട്ടുകാർ കളിതുടങ്ങി. തേവള്ളി ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടായിരുന്നു ഈറ്റില്ലം. കമ്യൂണിസ്റ്റ് നേതാവായ ടി വി തോമസും തിരുകൊച്ചി നിയസഭ സ്പീക്കർ വി ഗംഗാധരനും ഇവിടെ കളിച്ചവരും "ഓലേ സെവന്ത്" ടീമിലെ അംഗങ്ങളുമായിരുന്നു. മലയാളരാജ്യം പത്രത്തിനും ടീമുണ്ടായിരുന്നുവെന്ന് കെ ആർ രവി മോഹൻ പറഞ്ഞു. വി ഗംഗാധരൻ ആ ടീമിലെ അംഗവും ടി കെ ദാമോദരൻ ക്യാപ്റ്റനുമായിരുന്നു. 1965ൽ ലാൽ ബഹാദൂർ സ്റ്റേഡിയത്തിലാണ് 22–ാമത് സന്തോഷ് ട്രോഫി നടന്നത്. ആദ്യമായി 68ൽ കെഎഫ്എ ഷീൽഡ് മത്സരങ്ങളും ഇതേ സ്റ്റേഡിയത്തിൽ നടന്നിട്ടുണ്ട്. സന്തോഷ് ട്രോഫി മത്സരങ്ങളുടെ വിജയമാണ് ഷീൽഡ് മത്സരങ്ങൾക്ക് വഴിതെളിച്ചത്. അന്നത്തെ മുടിചൂടാമന്നന്മാരായ എംആർസി വെല്ലിങ്ടനെ ഈസ്റ്റ് ബംഗാൾ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് കപ്പ് നേടിയത്. ശ്രീലങ്ക ഉൾപ്പെടെ ടൂർണമെന്റിൽ പങ്കെടുത്തു.








0 comments