ad
Deshabhimani

ആവശ്യത്തിന്‌ ബസില്ല

പാളിയേക്കും 
സ്‌ത്രീകളുടെ സ‍ൗജന്യയാത്ര

AI

എഐ ടൂള്‍ ഉപയോഗിച്ച് നിര്‍മിച്ച ചിത്രം

വെബ് ഡെസ്ക്

Published on Jun 11, 2026, 02:01 AM | 1 min read

ആലപ്പുഴ

കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സ്‌ത്രീകൾക്ക്‌ സ‍ൗജന്യയാത്ര അനുവദിക്കാനുള്ള യുഡിഎഫ്‌ സർക്കാർ തീരുമാനം ജില്ലയിലും പാളിയേക്കും. ആവശ്യത്തിന്‌ കെഎസ്‌ആർടിസി ബസുകളില്ലാതെ വലയുന്ന ജില്ലയിൽ തീരുമാനം തിരിച്ചടിയാകുമെന്നാണ്‌ വിലയിരുത്തൽ. ജില്ലയിൽ ഏഴ് കെഎസ്ആർടിസി ഡിപ്പോകളിലായി 313 ബസുകളാണുള്ളത്. ഇവയിൽ ബഹുഭൂരിഭാഗവും പഴയതാണ്‌. 103 ഫാസ്റ്റ് പാസഞ്ചർ ബസുകളും 28 സൂപ്പർ ഫാസ്റ്റ് ബസുകളുമുണ്ട്‌. 182 എണ്ണം മാത്രമാണ് ഓർഡിനറി. 41.9 ശതമാനം സർവീസുകളും സ്ത്രീകളുടെ സൗജന്യയാത്രാ പദ്ധതിക്ക് പുറത്തായിരിക്കും. ആലപ്പുഴ– 40, ചേർത്തല –35, കായംകുളം– 28, ഹരിപ്പാട് –24, ചെങ്ങന്നൂർ– 23, എടത്വ– 18, മാവേലിക്കര– 14 എന്നിങ്ങനെയാണ് ഡിപ്പോകൾ തിരിച്ചുള്ള എണ്ണം. ഇവയിൽ അധികവും പ്രധാനപാതകൾ കേന്ദ്രീകരിച്ച്‌ മാത്രമാണ്‌ സർവീസ്‌ നടത്തുന്നത്‌. പ്രധാന റൂട്ടുകളിൽ യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്നത്‌ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് സർവീസുകളെയാണ്. ആലപ്പുഴ–എറണാകുളം, ആലപ്പുഴ–തിരുവനന്തപുരം, കായംകുളം–കൊല്ലം, ചെങ്ങന്നൂർ–തിരുവല്ല തുടങ്ങിയ തിരക്കേറിയ റൂട്ടുകളിൽ ഓർഡിനറി സർവീസുകളുടെ എണ്ണം താരതമ്യേന കുറവാണ്. ഇതോടെ ജോലി, പഠനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി ദിവസേന യാത്ര ചെയ്യുന്ന സ്ത്രീകളിൽ വലിയൊരു വിഭാഗത്തിനും പദ്ധതിയുടെ ഗുണം ലഭിച്ചേക്കില്ല. തിരക്കേറെയുള്ള വൈക്കം, മുഹമ്മ പോലെ ഓർഡിനറി ബസുകൾ മാത്രമുള്ള റൂട്ടുകളിൽ തിരക്ക്‌ വർധിച്ചാൽ യാത്ര ദുരിതമേറും. 450 ഓളം സ്വകാര്യ ബസുകളാണ്‌ ജില്ലയിൽ ഓടുന്നത്‌. മൂന്ന്‌ മുതൽ അഞ്ച്‌ മിനിറ്റ്‌ ഇടവേളകളിൽ സ്വകാര്യ ബസുകളുള്ളപ്പോൾ അരമണിക്കൂർ വരെ ഇടവേളകളിലാണ്‌ കെഎസ്‌ആർടിസി സർവീസുകൾ. സ‍ൗജന്യ യാത്രക്കായി കൂടുതൽ സമയം കാത്തു നിൽക്കേണ്ടി വരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home