യൂണിഫോം ഒൗട്ട് ജഴ്‌സി ഇൻ

രാജപുരം യൂണിഫോമിന് പകരം അർജന്റീന, ബ്രസീൽ, ഫ്രാൻസ്, പോർച്ചുഗൽ ടീമുകളുടെ ജഴ്സി അണിഞ്ഞ് സ്കൂളിലെത്തിയ വിദ്യാർഥികൾ ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു. ഇഷ്ടപ്പെട്ട ഫുട്ബോൾ താരങ്ങളുടെ നമ്പർ അടിഞ്ഞ ജേഴ്സി അണിഞ്ഞാണ്, വിദ്യാർഥികൾ സ്കൂളുകളിൽ എത്തിയത്. ഓരോ രാജ്യത്തിന്റെയും ഫുട്ബോൾ കളിക്കാരെ പരിചയപ്പെടുത്തുന്ന ജേഴ്സിയിൽ കളിക്കാരുടെ ഫോട്ടോയും പതിച്ചിരുന്നു. സ്കൂൾ അസംബ്ലി കഴിഞ്ഞതോടെ ജേഴ്സി അണിഞ്ഞ വിദ്യാർഥികൾ ഗ്രൗണ്ടിൽ ഇറങ്ങി ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കാനുള്ള സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ബാനം ഗവ ഹൈസ്കൂളിലെ വിദ്യാർഥികളാണ് ലോകകപ്പ് പ്രചാരണത്തിനായി ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്. അർജന്റീന, ബ്രസീൽ, ഫ്രാൻസ്, പോർച്ചുഗൽ എന്നീ ടീമുകളുടെ ജഴ്സി അണിഞ്ഞ് നാലു ടീമുകളിലായി കുട്ടികൾ അണിനിരന്നു. ആവേശകരമായ അന്തരീക്ഷത്തിൽ, അധ്യാപകരുടേയും രക്ഷിതാക്കളുടേയും കുട്ടികളുടേയും സാന്നിധ്യത്തിലായിരുന്നു മത്സരങ്ങൾ. കുട്ടികളിൽ കായിക മനോഭാവവും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ലോകകപ്പ് കഴിയുന്നതുവരെ വിവിധ തരത്തിലുള്ള ആവേശം നിറഞ്ഞ ഫുട്ബോൾ മത്സരങ്ങൾ നടത്താനുള്ള തീരുമാനത്തിലാണ് ബാനം സ്കൂളിലെ ഫുട്ബോൾ പ്രേമികളായ വിദ്യാർഥികൾ.








0 comments