ഫുട്ബോൾ പെരുമയിൽ തൃക്കരിപ്പൂർ

തൃക്കരിപ്പൂർ തൃക്കരിപ്പൂരിനുമുണ്ടൊരു ഫുട്ബോൾ പെരുമ. മുൻ ഇന്ത്യൻ താരങ്ങളായ എം സുരേഷും മുഹമ്മദ് റാഫിയും ഉൾപ്പെടെ ഒരു ഡസനിലേറെ താരങ്ങളെ സംഭാവനചെയ്ത ഫുട്ബോൾ ഗ്രാമം കൂടിയാണ് തൃക്കരിപ്പൂർ. ആക്‌മി തൃക്കരിപ്പൂർ, ഗോൾഡൻ സ്റ്റാർ തൃക്കരിപ്പൂർ, സുഭാഷ് എടാട്ടുമ്മൽ, ബ്രദേഴ്സ് മെട്ടമ്മൽ, റെഡ്സ്റ്റാർ ഇളമ്പച്ചി. ക്ലബുകളുടെ നിരനീളുന്നു. മുൻ ഇന്ത്യൻ ഫുട്ബോൾ താരങ്ങളായ എം സുരേഷ്, മുഹമ്മദ് റാഫിയും പന്തു തട്ടിത്തുടങ്ങിയത് തൃക്കരിപ്പൂരിന്റെ മണ്ണിൽനിന്നാണ്. മുൻ സന്തോഷ് ട്രോഫി താരങ്ങളായ ബിജുകുമാർ, സജിത്ത്, അസ്ലം, റാസി, ഷാസി, നിലവിലെ സന്തോഷ് ട്രോഫി താരങ്ങളായ ഇ കെ റിസ്‌വാൻ അലി, എം റാഷിദ് എന്നിവരും തൃക്കരിപ്പൂരിൽ കളിച്ചു വളർന്നവരാണ്. വെല്ലിങ്‌ടൺ താരം എം ആർ സി കൃഷ്ണൻ, മുൻ സർവകലാശാലാ താരങ്ങളായ സി സത്താർ, ടി ബാബു, സി ഷൗക്കത്തലി, യു പി ഇക്ബാൽ തുടങ്ങി നിരവധി ഫുട്ബോൾ താരങ്ങൾ ഉദിച്ചുയർന്നത് ഇവിടെനിന്നാണ്. 1967-ൽ രൂപീകരിച്ച സെൻട്രൽ യൂണിറ്റി ഉദിനൂരിലൂടെ ഉയർന്നുവന്ന താരങ്ങളാണ് ജില്ലാ ഫുട്ബാൾ പരിശീലകനായ ഉദിനൂർ കെ വി ഗോപാലൻ, കെൽട്രോൺ താരം മോഹനൻ, കേരള പൊലീസ് താരം ടി നാരായണൻ, കായികാധ്യാപകൻ ടി വി കുഞ്ഞികൃഷ്ണൻ, ടി പി ഗോപാലൻ എന്നിവർ. സെവൻസ് കളിക്കളത്തിലും താരങ്ങളായ നിരവധി ക്ലബ്ബുകളും തൃക്കരിപ്പൂരിലുണ്ട്.








0 comments