ad
Deshabhimani

കളിയാരവത്തിൽ ഫുട്ബോൾ ഗ്രാമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 11, 2026, 03:00 AM | 1 min read

നീലേശ്വരം കാൽപന്തിന്റെ ലോക മാമാങ്കത്തിന്‌ കേളികൊട്ടുയരുന്പോൾ സംസ്ഥാന, ദേശീയ താരങ്ങളെ സംഭാവനചെയ്‌ത മടിക്കൈ ബങ്കളവും ഫുട്ബോൾ ലഹരിയിലാണ്. കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടാണ്‌ ഫുട്ബോൾ ഗ്രാമമായ ബങ്കളത്തിന്റെ തലയെടുപ്പ്‌. റെഡ്സ്റ്റാർ ബങ്കളത്തിന്റെ ബാനറിൽ പന്തുതട്ടി വളർന്നവരാണ്‌ താരങ്ങൾ. നാടിന്റെ മുക്കിലും മൂലയിലും കളിയാവേശം വാനോളമാണ്‌. കവലകളിലെല്ലാം ഫാൻസുകാരുടെ ഫ്ലക്സുകൾ നിറഞ്ഞു. സാഫ് ഗെയിംസിൽ കിരീടംനേടിയ ഇന്ത്യൻ വനിതാ സീനിയർ ടീമംഗം പി മാളവിക നാട്ടിലെത്തിയതോടെ ആവേശം ഇരട്ടിയായി. കേരള സീനിയർ വനിതാ ഫുട്ബോൾ ടീം ക്യാപ്റ്റൻ എസ് ആര്യശ്രീ, രാജ്യത്തെ ആദ്യ വനിതാ ഫുട്ബോൾ അനലിസ്റ്റ് എം അഞ്ജിത, സന്തോഷ് ട്രോഫി ക്യാംപ് അംഗമായിരുന്ന നിധീഷ് ബങ്കളം, ഐഎസ്എൽ–ഐ ലീഗ് താരം കെ മിർഷാദ്, കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ പി അശ്വതി, വി വി ആരതി, കൃഷ്ണപ്രിയ തുടങ്ങി ഈ മൈതാനത്ത് പന്ത് തട്ടി വളർന്ന താരങ്ങളുടെ നിര നീണ്ടതാണ്‌. ബങ്കളത്തെ ‘വിമൻസ് ഫുട്ബോൾ ക്ലിനിക്കി’ന്റെ പരിശീലനവും കക്കാട്ട് സ്‌കൂൾ ഗ്രൗണ്ടിലാണ്‌. ബങ്കളത്തിന്റെ കാൽപന്ത് കളിയാരവം ലോകത്തോളം ഉയരണമെന്നതാണ്‌ ഓരോ നാട്ടുകാരുടെയും സ്വപ്‌നം.


മാളവിക ബ്രസീൽ ഫാൻ

മടിക്കൈ താനൊരു കട്ട ബ്രസീൽ ഫാനാണെന്നും ഇഷ്ട താരം റൊണാൾഡോയാണെന്നും ദേശീയ ഫുട്‌ബോൾ താരം മടിക്കൈ ബങ്കളത്തെ പി മാളവിക. ഇ‍ൗ ലോകകപ്പിൽ ആര്‌ കപ്പുയർത്തുമെന്ന്‌ കൃത്യമായി പ്രവചിക്കാൻ താനില്ല. എല്ലാ ടീമുകളും നല്ല മികവിലാണ്‌. ലോക കപ്പ്‌ മത്സരങ്ങൾ എല്ലാം പരമാവധി കാണും. മെച്ചപ്പെട്ട ഭ‍ൗതിക സാഹചര്യങ്ങളൊരുക്കിയാൽ ദേശീയ വനിതാ ടീമിലേക്ക് കൂടുതൽ താരങ്ങളെ എത്തിക്കാനാവും. മാളവിക പറഞ്ഞു. സാഫ് ഗെയിംസിൽ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമംഗമാണ്‌ മാളവിക. ഗോവയിൽ നടന്ന ചാന്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിലേക്കുള്ള പെനാൽട്ടി കിക്കിന് വഴിയൊരുക്കുകയും ചെയ്തു. 26 വർഷങ്ങൾക്കുശേഷം ഇന്ത്യൻ വനിതാ ഫുട്ബാൾ ടീമിലെത്തിയ ഏക മലയാളിയാണ് മാളവിക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home