ബസ് സ്റ്റാൻഡും പരിസരവും വെള്ളക്കെട്ടിൽ

വെളളക്കെട്ടിലായ മാന്നാർ ബസ് സ്‍റ്റാന്‍ഡും പരിസരവും
മാന്നാർ
തോരാതെ പെയ്യുന്ന മഴയിൽ മാന്നാർ ബസ് സ്റ്റാൻഡും പരിസരവും വെള്ളക്കെട്ടിലായി. കാലപ്പഴക്കമുള്ള സ്റ്റാൻഡ് നശിച്ച് തുടങ്ങിയതും ടാറും മെറ്റിലുമിളകി റോഡ് തകർന്നതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. രാത്രി കാലങ്ങളിൽ ഇരുചക്ര വാഹന യാത്രികർ കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് നിത്യസംഭവമാണ്. സ്റ്റാൻഡിന്റെ ഉള്ളിലെ ടാർ പാളികൾ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണുള്ളത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ സ്വകാര്യ ബസുകൾ കയറാറില്ല. ട്രാൻസ്‌പോർട് അതോറിറ്റിയുടെ അംഗീകാരമില്ലാതെ പ്രവർത്തിച്ചിരുന്ന ബസ് സ്റ്റാൻഡിന് അടിസ്ഥാന സൗകര്യമില്ലെന്ന് ഒന്നര വർഷം മുമ്പേ അധികൃതർ കണ്ടെത്തിയിരുന്നു. തെരുവുനായകളുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമായി ഇവിടം മാറി. വഴിവിളക്ക് പ്രവർത്തനവും അവസാനിച്ചതോടെ പരിസരമാകെ ഇരുട്ടിൽ മുങ്ങും. പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്റ്റാൻഡ് അധികൃതർ തിരിഞ്ഞ് നോക്കാതായതോടെ നവീകരണം കടലാസിൽ മാത്രമായി ഒതുങ്ങി. നവീകരണത്തിനായി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ അനുവദിക്കുകയും പിന്നീട് ഏഴ് ലക്ഷമായി ഉയർത്തുകയും ചെയ്തിട്ടും ഒന്നും പ്രാവർത്തികമായില്ല. സ്റ്റാൻഡും പരിസരവും റോഡും പുനർനിർമിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.








0 comments