പതിനാറ് വയതിനിലൊരു കോഴിക്കോടൻ ചങ്ങാത്തം

16 വയതിനിലെ സിനിമയുടെ ഷൂട്ടിങ്ങിനിടെ ഭാരതിരാജയ്ക്കൊപ്പം പി എസ് നിവാസ് (വലത്തേയറ്റം)
സുജിത് ബേബി കോഴിക്കോട് വെള്ളിത്തിരയിൽ അത്ഭുതങ്ങൾ തീർത്ത ഭാരതിരാജ ഓർമത്താളിലേക്ക് മറയുമ്പോൾ സംവിധായകന്റെ പ്രിയപ്പെട്ട ഛായാഗ്രാഹകൻ കോഴിക്കോട് ഓർത്തെടുക്കുന്നു. ഭാരതിരാജയുടെ ഹിറ്റ് ചിത്രം പതിനാറ് വയതിനിലെയുടെ കാമറയ്‌ക്ക് പിന്നിലുണ്ടായിരുന്ന പി ശ്രീനിവാസനെന്ന പി എസ് നിവാസാണ് ആ അനുഗ്രഹീത കലാകാരൻ. ഒരുകാലത്ത് തമിഴിൽ ഹിറ്റായിരുന്നു ഭാരതിരാജ, ഇളയരാജ, പി എസ് നിവാസ് കൂട്ടുകെട്ട്. വെള്ളിവെളിച്ചം തേടി കോഴിക്കോട് വിട്ട് ചെന്നൈയിലെത്തിയതോടെയാണ് പി എസ് നിവാസും ഭാരതിരാജയും തമ്മിൽ അടുത്തത്. എഴുപതുകളുടെ അവസാനം സൂപ്പർഹിറ്റായ പതിനാറ് വയതിനിലെ പിറന്നു. സിനിമയുടെ എഴുത്തിലടക്കം പി എസ് നിവാസും ഭാരതിരാജയും ഒന്നിച്ചുണ്ടായിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരവും നിവാസിനെ തേടിയെത്തി. ഇതോടെ നിവാസ് തമിഴിൽ ചുവടുറപ്പിച്ചു. പിന്നീട് സംവിധായകന്റെ റോളണിഞ്ഞപ്പോഴും നിവാസിനൊപ്പം ഭാരതിരാജയുണ്ടായിരുന്നു. 1980ൽ കല്ലുക്കുൾ ഇൗറം എന്ന തമിഴ്‌ചിത്രത്തിൽ ഭാരതിരാജ നടനായെത്തി. സിനിമകളിലെ തിരക്കൊഴിഞ്ഞതോടെ നിവാസ് നാട്ടിലേക്ക് മടങ്ങി. ഇൗങ്ങാപ്പുഴ കണ്ണപ്പൻകുണ്ടിലെ എടുത്തെുവെച്ച കല്ലിലെ വീട്ടിൽ ഏകാന്തതയോട് കൂട്ടുകൂടി ഏറെക്കാലം കഴിഞ്ഞ നിവാസ് 2021ൽ അന്തരിച്ചു. ഭാരതിരാജയ്ക്ക് കുടുംബബന്ധമുള്ള നാടുകൂടിയാണ് കോഴിക്കോട്. മകനും നടനുമായിരുന്ന മനോജ് ഭാരതി വിവാഹം കഴിച്ചത് കോഴിക്കോട്ടുകാരിയായ നടി നന്ദനയെ. സ്നേഹിതൻ, സ്വപ്നംകൊണ്ട് തുലാഭാരം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നന്ദന മനോജുമായുള്ള വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ച് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു.








0 comments