print edition ഡോർ തുറക്കാൻ മെക്സിക്കോ

മെക്‌സിക്കൻ മുന്നേറ്റക്കാരൻ യൂലിയൻ ക്വിനോനസ് പരിശീലനത്തിൽ
മെക്സിക്കോ സിറ്റി: പ്രീ ക്വാർട്ടറിന്റെ പടിവാതിൽക്കലാണ് മെക്‌സിക്കോ. സ്വന്തം കാണികൾക്ക് മുന്നിൽ ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന ആതിഥേയർക്ക് ലാറ്റിനമേരിക്കൻ കരുത്തരായ ഇക്വഡോറാണ് എതിരാളി.
അപരാജിത കുതിപ്പ് തുടരുന്ന മെക്‌സിക്കോയെ തടയാൻ അരയുംതലയും മുറുക്കി ഇക്വഡോർ ഇറങ്ങുന്പോൾ മത്സരത്തിന് ചൂടേറും. റൗണ്ട് ഓഫ് 32 മത്സരം നാളെ പുലർച്ചെ 6.30നാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരവും ജയിച്ചാണ് മെക്‌സിക്കോ എത്തുന്നത്. ആറ് ഗോൾ നേടിയപ്പോൾ ഒരു ഗോളും വഴങ്ങിയില്ല. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഗ്രൂപ്പ് ഘട്ടത്തിലെ മുഴുവൻ മത്സരങ്ങളും ജയിക്കുന്നത്. യൂലിയൻ ക്വിനോനസ്, റൗൾ ഹിമറസ് എന്നിവർ അണിനിരക്കുന്ന മുന്നേറ്റ നിരയിൽ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്.
ആദ്യ കളിയിൽ ഐവറികോസ്‌റ്റിനോട് പരാജയപ്പെടുകയും രണ്ടാം മത്സരത്തിൽ കുറസാവോയോട് ഗോൾരഹിത സമനിലയിൽ കുടുങ്ങുകയും ചെയ്‌ത ഇക്വഡോർ ലോകകപ്പിൽ നിന്ന് പുറത്തേക്കുള്ള വഴിയിലായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയിൽജർമനിയെ 2–1ന് തോൽപ്പിച്ചാണ് മുന്നേറ്റം. വേഗമേറിയ പ്രത്യാക്രമണ ശൈലിയാണ് ടീമിന്റെ മുഖമുദ്ര. ആന്തണി വലൻസിയ, മൊയ്‌സെസ് കയ്‌സെഡോ എന്നിവരടങ്ങുന്ന മധ്യനിരയാണ് കരുത്ത്.











0 comments