എറണാകുളം ജനറൽ ആശുപത്രി
വിദഗ്‌ധ ഡോക്ടറില്ല; കാർഡിയോളജി വിഭാഗം പ്രതിസന്ധിയിൽ


സ്വന്തം ലേഖകൻ
Published on Jun 30, 2026, 03:05 AM | 1 min read
കൊച്ചി
കാർഡിയോളജി വിഭാഗത്തിൽ വിദഗ്‌ധ ഡോക്ടർമാരെ നിയമിക്കാത്തതിനാൽ എറണാകുളം ജനറൽ ആശുപത്രിയിലെ രണ്ടാമത് ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്കുള്ള മുന്നൊരുക്കങ്ങൾ അവതാളത്തിൽ.
എൽഡിഎഫ് സർക്കാർ ‘ആർദ്രം’ പദ്ധതിയിലൂടെ അത്യാധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയാണ് ആശുപത്രിയിൽ ആദ്യ ഹൃദയം മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തിയത്. ഹൃദയം മാറ്റിവച്ച രാജ്യത്തെ ആദ്യ ജില്ലാ ആശുപത്രി എന്ന നേട്ടവും അതിലൂടെ കൈവരിച്ചു. പുറത്തുനിന്ന് സഹകരിക്കുന്ന ഒരു കാർഡിയോ തൊറാസിക് സർജനും എൻഎച്ച്എം വഴി നിയമിതനായ മറ്റൊരു അസിസ്റ്റന്റ് തൊറാസിക് സർജനുമാണ് അന്നുണ്ടായിരുന്നത്. എൻഎച്ച്എം വഴി എത്തിയ ഡോക്ടറെ പിന്നീട് ജനറൽ ആശുപത്രിയിൽ നിയമിച്ചു. അദ്ദേഹത്തിന്റെ ഭാര്യയും അനസ്തീഷ്യ ഡോക്ടറായി കാർഡിയോളജി വിഭാഗത്തിൽ സേവനം അനുഷ്‌ഠിച്ചിരുന്നു. ഇരുവരും ഇപ്പോൾ രാജിക്കത്ത് നൽകിയതാണ് പ്രതിസന്ധിയായത്. കാർഡിയോളജി വിഭാഗത്തിൽ 24 മണിക്കൂറും സേവനം ലഭിക്കാൻ കുറഞ്ഞത് മൂന്ന് ഡോക്ടർമാരുടെ സേവനം ആവശ്യമാണ്.
എൽഡിഎഫ് സർക്കാർ ഒരു മുഴവൻസമയ കാർഡിയോ തൊറാസിക് സർജന്റെ പോസ്‌റ്റ് അനുവദിച്ചിരുന്നു. സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ സർക്കാർ സർവീസിലേക്ക് ഇപ്പോൾ ഒരു കാർഡിയോ തൊറാസിക് സർജനെ ലിസ്റ്റ് ചെയ്‌തു. എന്നാൽ, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ഒരുമാസം പിന്നിട്ടിട്ടും ഡോക്ടറെ അനുവദിച്ച് നൽകിയിട്ടില്ല. ദിവസവും നിരവധി ആൻജിയോപ്ലാസ്റ്റികൾ നടക്കുന്ന ഇവിടെ രണ്ട് ഡോക്ടർമാർ മാത്രമാണ് ഇപ്പോഴുള്ളത്. രണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കെയാണ് കാലതാമസം. കോതമംഗലം സ്വദേശിയായ രോഗിക്ക് ശസ്ത്രക്രിയയ്ക്കുമുമ്പുള്ള പരിശോധകൾക്കായി പണം കണ്ടെത്തേണ്ടതുണ്ട്. ഇതിനായി കോതമംഗലം എംഎൽഎയുമായി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. മുന്നൊരുക്കങ്ങൾ പൂർത്തിയായാൽ കെ സോട്ടോയിൽ രോഗിയെ ലിസ്റ്റ് ചെയ്യും.
മാസത്തിൽ ഇരുപതോളം ഓപ്പൺ ഹാർട്ട് സർജറികളും ഇവിടെ നടന്നുവരുന്നു. കാർഡിയോളജി വിഭാഗത്തിലും ഡോക്ടർമാരുടെ കുറവ് രോഗികളെ വലയ്‌ക്കുന്നു.










0 comments