ad
Deshabhimani

അസം യുവതിയെ കൊലപ്പെടുത്തി; 
ഭർത്താവ് അറസ്റ്റിൽ

arrest
വെബ് ഡെസ്ക്

Published on Jun 30, 2026, 03:01 AM | 2 min read

പെരുമ്പാവൂർ


പോഞ്ഞാശേരിയിൽ യുവതിയെ പ്ലൈവുഡ്‌ പലകകൊണ്ട്‌ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തി. അസം സ്വദേശിനി നർസീന ഖാത്തുനാ (29)ണ്‌ കൊല്ലപ്പെട്ടത്‌. കേസിൽ യുവതിയുടെ ഭർത്താവ്‌ അസം നഗോൺ സ്വദേശി റാബുൽ അമീനെ (40) പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.


തിങ്കൾ പുലർച്ചെ നാലിന് കുടുംബം താമസിച്ചിരുന്ന പോഞ്ഞാശേരി ചെമ്പാരത്തുകുന്നിലെ വാടകവീട്ടിലാണ് സംഭവം. പ്ലൈവുഡിന്റെ പലകകൊണ്ട്‌ തലയ്ക്കടിച്ചശേഷം അതേ പലകകൊണ്ട്‌ കഴുത്തിൽ അമർത്തിയാണ് കൊലപ്പെടുത്തിയതെന്ന്‌ പൊലീസ്‌ പറഞ്ഞു. കൊലപാതകത്തിനുശേഷം രണ്ടുവയസ്സുള്ള മകനുമായി റാബുൽ രക്ഷപ്പെടാൻ നോക്കിയെങ്കിലും വെങ്ങോല പഞ്ചായത്ത് അംഗം എ ഐ സുധീറും നാട്ടുകാരും ചേർന്ന്‌ തടഞ്ഞു. നർസീന ഖാത്തുവിനെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.


പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായ റാബുൽ അമീൻ കുടുംബത്തോടൊപ്പം നാലുമാസംമുമ്പ്‌ നാട്ടിലേക്ക് പോയിട്ട്‌ രണ്ടുദിവസംമുമ്പാണ് പോഞ്ഞാശേരിയിലെ വാടകവീട്ടിലെത്തിയത്. പ്രതിയുടെ സഹോദരന്മാരും നർസീനയുടെ ബന്ധുക്കളും ഇതേ കെട്ടിടത്തിൽ താമസിക്കുന്നുണ്ട്. ലഹരിക്ക്‌ അടിമയായ ഇയാൾ ഭാര്യാപിതാവിനോട് രണ്ടുലക്ഷം രൂപ അവശ്യപ്പെട്ടത് നൽകാത്തതിലുള്ള വിരോധത്തിൽ ദിവസവും നർസീനയുമായി വഴക്കിട്ടിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു. മൃതദേഹം പെരുമ്പാവൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. റാബുൽ അമീനെ റിമാൻഡ്‌ ചെയ്തു.


ലഹരി തല്ലിക്കെടുത്തിയ ജീവിതം


പെരുമ്പാവൂർ


പ്രതീക്ഷകളോടെയാണ് അസം നൗഗോൺ സ്വദേശിനി നർസീന ഖാത്തൂൻ (29) ഭർത്താവ് അസം സ്വദേശി റാബുൽ അമീനുമായി (40) ജീവിതം തുടങ്ങിയത്. പ്രണയ വിവാഹമായിരുന്നു. രാസലഹരി ഉപയോഗവും ചീട്ടുകളിയും സാമൂഹ്യവിരുദ്ധപ്രവർത്തനവുമായി ജീവിതം വഴിമാറിയ റാബുൽ വീട്ടിലെ സ്ഥിരം വഴക്കാളിയായി. ലഹരി ഉപയോഗിക്കാനായി നർസീനയുടെ വീട്ടിൽനിന്ന് പണം വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടായിരുന്നു വഴക്കും മർദനവും. പ്രതിയുടെ സഹോദരന്മാർ ചേർന്ന് അസമിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന് ചെമ്പാരത്തുകുന്നിലെ പ്ലൈവുഡ് കമ്പനിയിൽ ജോലിയിൽ പ്രവേശിപ്പിച്ചെങ്കിലും ലഹരി ഉപയോഗം നിർത്തിയില്ല.


നർസീനയുടെ മൂത്ത സഹോദരിയെ ഒരുവർഷംമുമ്പാണ് അവരുടെ ഭർത്താവ് കൊലപ്പെടുത്തിയത്. അയാൾ അസമിൽ ജയിലിലാണ്. അതിന്റെ ആഘാതത്തിൽ സ്വന്തം പ്രശ്നങ്ങൾ നർസീന വീട്ടിൽ പറഞ്ഞിരുന്നില്ല. നാലുമാസം മുമ്പ് നാട്ടിൽ പോയ ഇവരുടെ കുടുംബം രണ്ടുദിവസംമുമ്പാണ് വാടകവീട്ടിലെത്തിയത്. വരുന്ന വഴിയിലും വീട്ടിൽവച്ചും രണ്ടുദിവസവും വഴക്കായിരുന്നു. മർദനം സഹിക്കാനാകാതെ കുഞ്ഞുമായി നാട്ടിലേക്ക് തിരികെ പോകാനുള്ള ഒരുക്കത്തിനിടയിലാണ് പുലർച്ചെ നാലിന് നർസീനയെ കൊലപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home