ad
Deshabhimani

അപരാജിത കുതിപ്പ് തുടർന്ന് മെക്‌സിക്കോ; മൂന്ന് ​ഗോൾ ജയം: ചെക്ക്‌ റിപ്പബ്ലിക്ക് പുറത്ത്

Mexico.jpg
വെബ് ഡെസ്ക്

Published on Jun 25, 2026, 08:33 AM | 1 min read

മെക്‌സിക്കോ സിറ്റി: ഇരുപത്തിമൂന്നാം ലോകകപ്പ്‌ ഫുട്‌ബോളിൽ പരാജയമറിയാതെ ആതിഥേയരായ മെക്‌സിക്കോ കുതിപ്പ് തുടരുന്നു. ​ഗ്രൂപ്പ് മത്സരത്തിലെ മൂന്ന് മത്സരവും ജയിച്ച് ഒമ്പത് പോയന്റും നേടിയാണ് മുന്നേറ്റം. ചെക്ക്‌ റിപ്പബ്ലിക്കിനെ മറുപടിയില്ലാത്ത മൂന്ന് ​ഗോളിനാണ് തകർത്തത്. യൂലിയൻ ക്വിനോനസും മാറ്റിയോ ഷാവേസും അൽവാരോ ഫിഡാൽഗോയുമാണ് ടീമിനായി ​ഗോൾ നേടിയത്.


തുടർ വിജയത്തിന്റെ കരുത്തിൽ നേരത്തെ നോക്കൗട്ട് ഉറപ്പിച്ച മെക്സിക്കോ സമ്മർദ്ദങ്ങളില്ലാതെയാണ് പന്തു തട്ടിയത്. ജീവൻ മരണ പോരാട്ടത്തിനിറങ്ങിയ ചെക്ക്‌ റിപ്പബ്ലിക്ക് പ്രതിരോധ കോട്ട അടച്ചതോടെ ആദ്യപകുതി ​ഗോൾ രഹിതമായി. രണ്ടാം പകുതിയിൽ മൂന്നു ​ഗോളുമായി മെക്‌സിക്കോ കത്തിക്കയറി. 55-ാം മിനിറ്റിൽ പ്രതിരോധ താരം മാറ്റിയോ ഷാവേസാണ് ടീമിനായി ലീഡ് നേടിയത്. അഞ്ച് മിനിറ്റ് കഴിയും മുമ്പ് യൂലിയൻ ക്വിനോനോസ്‌ രണ്ടാം ​ഗോൾ നേടി.


മറുപടി ​ഗോളിനായി ചെക്ക്‌ താരങ്ങൾ പരിശ്രമം തുടർന്നെങ്കിലും ഒന്നും ലക്ഷ്യത്തെത്തിയില്ല. ഇഞ്ചുറി ടൈമിൽ പകരക്കാരനായെത്തിയ അൽവാരോ ഫിഡാൽഗോ കൂടി ​ഗോൾ നേടിയതോടെ ചെക്ക്‌ റിപ്പബ്ലിക്ക് തകർന്നടിഞ്ഞു. രണ്ട് തോൽവിയും ഒരു സമനിലയുമായി ​ഗ്രൂപ്പ് എയിൽ നാലാം സ്ഥാനക്കാരായാണ് ചെക്കിന്റെ മടക്കം.


ആദ്യ മത്സരത്തിൽ രണ്ട്‌ ഗോളിന്‌ ദക്ഷിണാഫ്രിക്കയെ കീഴടക്കിയ മെക്സിക്കോ, രണ്ടാം മത്സരത്തിൽ പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ ഒരു ഗോളിനാണ് തോൽപ്പിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home