വാഹനാപകട നഷ്ടപരിഹാരം: തൊഴിൽശേഷിയെ എങ്ങനെ ബാധിക്കുന്നുവെന്നും പരിഗണിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വാഹനാപകടത്തിൽ കൈകാലുകൾക്ക് ഗുരുതരപരിക്കേറ്റ് ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയിലാകുന്നവരുടെ നഷ്ടപരിഹാരത്തുക നിശ്ചയിക്കുമ്പോൾ ശാരീരിക വൈകല്യം മാത്രം പരിഗണിച്ചാൽപോരെന്നും തൊഴിൽശേഷിയെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കണമെന്നും സുപ്രീംകോടതി. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് എൻ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക നിരീക്ഷണം നടത്തിയത്.
കെട്ടിടനിർമാണ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി എം പരമേഷിന്റെ സൈക്കിളിൽ ലോറിയിടിച്ചതിനെത്തുടർന്ന് വലതുകാൽ മുട്ടിന് മുകളിൽവച്ച് മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. എന്നാൽ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പരമേഷിന് 70 ശതമാനം ശാരീരിക വൈകല്യമാണ് രേഖപ്പെടുത്തിയത്. മെഡിക്കൽ ബോർഡ് നിശ്ചയിച്ച 70 ശതമാനം ശാരീരിക വൈകല്യം കണക്കിലെടുത്താണ് നഷ്ടപരിഹാരം കണക്കാക്കിയത്. മദ്രാസ് ഹൈക്കോടതി ഇത് ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ പരമേഷ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കെട്ടിട നിർമാണ ജോലിക്ക് രണ്ടു കാലുകളും കൃത്യമായി ഉപയോഗിക്കേണ്ടതുണ്ടെന്നും കാൽ നഷ്ടപ്പെട്ടതോടെ ഈ തൊഴിലാളിയുടെ ഉപജീവനമാർഗം പൂർണമായും ഇല്ലാതായെന്നും കോടതി നിരീക്ഷിച്ചു.










0 comments