വിദ്വേഷപ്രകടനമായിരുന്നു സത്യപ്രതിജ്ഞ; മേയർക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല: എസ് പി ദീപക്

എസ് പി ദീപക്
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ ഹൈക്കോടതിവിധിയെ സ്വാഗതം ചെയ്യുന്നതായി എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ എസ് പി ദീപക്. സത്യപ്രതിജ്ഞ ചടങ്ങിൽ ഈ വിഷയം ഉന്നയിച്ചിരുന്നു. വരണാധികാരി നിരസിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമാനുസരണമുള്ള സത്യപ്രസ്താവനയല്ല നടത്തിയതെന്ന് ബോധ്യപ്പെട്ടിട്ടും വരണാധികാരിയുടെ നടപടി ജനാധിപത്യവിരുദ്ധവും ചട്ടലംഘനവുമായിരുന്നുവെന്നും ദീപക് പറഞ്ഞു.
ഹിന്ദു ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത് മറ്റ് മതങ്ങളോടുള്ള വിദ്വേഷ പ്രകടനമായിരുന്നു. സത്യപ്രതിജ്ഞ നിയമാനുസരണം നടത്താനറിയാത്ത മേയർക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല. കോടതിയിൽനിന്ന് വിധിപ്പകർപ്പ് കിട്ടുംമുമ്പ് അതീവരഹസ്യമായി 19 കൗൺസിലർമാരെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചു. മറ്റ് കൗൺസിലർമാരെ അറിയിക്കാതെ ഇത് നടത്തിയതെന്തിനെന്ന് മേയർ വെളിപ്പെടുത്തണം. തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും ദീപക് അറിയിച്ചു.









0 comments