അനുബന്ധനുണ സൃഷ്ടിക്കുന്നതിന്റെ ക്ലാസിക് ഉദാഹരണം; കരിമണലിലെ കള്ളന്മാർ ആര്? മനോരമയ്ക്ക് മറുപടി

തിരുവനന്തപുരം: കേരളതീരത്തെ ധാതുസമ്പത്ത് വൻകിട കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള വി ഡി സതീശൻ സർക്കാരിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന യുഡിഎഫ് പത്രം മലയാള മനോരമയ്ക്ക് മറുപടിയുമായി സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ അനിൽകുമാർ. മോണോസൈറ്റ് സംസ്കരണത്തിനായി ടെണ്ടർവിളിച്ച്, സുതാര്യമായി കമ്പനിയെ തെരഞ്ഞെടുത്ത എൽഡിഎഫ് സർക്കാരിന്റെ നടപടിയെയാണ്, കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്ത യുഡിഎഫ് സർക്കാരുമായി താരതമ്യം ചെയ്ത് മനോരമ വാർത്ത നൽകിയത്. നുണ പറയുന്ന സതീശൻ്റെ സഹശയനം നടത്തി അനുബന്ധനുണ നിർമിക്കുന്ന എംബഡസ് ജേർണലിസമാണ് മനോരമ ചെയ്യുന്നതെന്ന് അനിൽകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. എൽഡിഎഫ് എക്കാലത്തും കരിമണൽ വിഷയത്തിൽ സ്വകാര്യ മേലലയെ എതിർക്കുകയാണ് ചെയ്തിട്ടുള്ളത്. 2003ൽ എ കെ.ആൻറണി സർക്കാർ സ്വകാര്യമേഖലയിൽ കരിമണൽ ഖനന ലൈസൻസ് നൽകി. 2011ൽ ഉമ്മൻചാണ്ടി സർക്കാർ കരിമണൽ കേസിൽ സുപ്രിംകോടതിയിൽ സ്വകാര്യകമ്പിക്കുവേണ്ടി ഒത്തുകളിച്ച് തോറ്റു. ആന്റണി സർക്കാർ നൽകിയ ലൈസൻസ് സുപ്രീംകോടതി ശരിവച്ചു. എന്നാൽ എൽഡിഎഫ് ഭരണത്തിലിരുന്ന കഴിഞ്ഞ 10 വർഷവും ഒരുതരിമണൽ കേരളത്തിൽ ഖനനം നടത്തിയില്ലെന്നും അനിൽകുമാർ ചൂണ്ടിക്കാട്ടി.
അഡ്വ.കെ അനിൽകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്
കരിമണലിലെ കള്ളന്മാർ ആര്.
1. വി എം സുധീരൻ മുഖ്യമന്ത്രി വി ഡി സതീശന് എഴുതിയ കത്ത് മനാരമ പൂർണമായി അച്ചടിക്കുക. കരിമണലിലെ കള്ളന്മാർ ആരാണെന്ന് അതിലുണ്ട്..
2003ൽ എ കെ.ആൻറണി സർക്കാർ ശശിധരൻ കർത്തായുടെ കമ്പനിക്ക് സ്വകാര്യമേഖലയിൽ കരിമണൽ ഖനന ലൈസൻസ് നൽകി. അതാണ് ആദ്യമായും അവസാനമായും'' കള്ളക്കളി'' നടത്തിയ തീരുമാനം.
2. 2011ൽ അധികാരത്തിൽവന്ന ഉമ്മൻ ചാണ്ടി സർക്കാർ കരിമണൽ കേസിൽ സുപ്രിംകോടതിയിൽ കർത്താക്കു വേണ്ടി ഒത്തുകളിക്കുന്നു എന്ന് ആരോപിച്ചു: ആ കേസിൽ 2016 ഏപ്രിൽ 8ന് കേരള സർക്കാർ സുപ്രിം കോടതിയിൽ തോറ്റു. ആൻറണി നൽകിയ ലൈസൻസ് സുപ്രിം കോടതി ശരിവച്ചു. ടി എൻ പ്രതാപൻ്റെ കത്ത് മനോരമ അച്ചടിക്കുക. കള്ളക്കളി നാട്ടുകാർ അറിയട്ടെ..
3.2016ലെ സുപ്രിം കോടതി വിധി പ്രകാരം കർത്തായുടെ കമ്പനി ഒരു തരിമണൽ കേരളത്തിൽ ഖനനം നടത്തിയില്ല. അതിന് പിണറായി സർക്കാരുകളുടെ പത്തു വർഷവും അവർക്ക് സാധിച്ചില്ല. "കള്ളക്കളിയില്ലാതെ " സുപ്രിം കോടതി വിധി പ്രകാരം നിയമം അനുവദിച്ചിട്ടും സ്വകാര്യമേഖലക്ക് കരിമണൽ വാരാൻ എൽഡിഎഫ് അനുവാദം നൽകിയില്ല.
4. അത്രയും വ്യക്തതയുള്ള ഒരു നയം എൽഡിഎഫിന് കരിമണൽ വിഷയത്തിലുണ്ട്.. നിലവിൽ കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎൽ അവിടെ ഖനനം നടത്തുന്നു. അവരുടെ എല്ലാനടപടിക്കും ടെണ്ടർ വേണം.
5. ഇന്നത്തെ വാർത്തയാണ് കള്ളക്കളി.
ചോദ്യം: കരിമണൽ വാരാൻ സ്വകാര്യ കമ്പനിക്ക് അനുമതിയുണ്ടോ?
ഇല്ല..
പിന്നെ എന്താണു് നടക്കുന്നത്.
മനോരമ തന്നെ പറയട്ടെ..
ചവറയിലെ കെഎംഎംൽ എന്ന പൊതുമേഖലാ സ്ഥാപനത്തിൻ്റെ പക്കൽ 5000 കോടി വിലമതിക്കുന്ന 19 ലക്ഷം ടൺ മോണോ സൈറ്റ് ശേഖരം വേർതിരിച്ച് അപൂർവ്വ ധാതുക്കൾ എടുക്കണം. അതിനായി ഒരു " പ്ലാൻ്റ് സ്ഥാപിക്കണം. 2025 ജൂണിൽ ടെണ്ടർ വിളിച്ചു. അതിൽ നിയമപ്രകാരം ഒരു കമ്പനിയെ തെരഞ്ഞെടുത്തു.
അവർ കരിമണൽ വാരാൻ വരുന്ന കമ്പനിയാണോ?
അല്ല.
അതിൽ എന്തു കള്ളക്കളി ..
ഇപ്പാൾ സുധീരൻ്റെ കത്തിൽ പറയുന്നതു പോലെ "വി ഡി സതീശൻ്റെ സ്വകാര്യ മേഖലാ ഖനന നടപടികൾ " ഈ സുതാര്യമായ സംസ്ക്കരണ നടപടികളുമായി കൂട്ടിക്കെട്ടി വാർത്ത നിർമ്മിക്കുന്നതാണ് യഥാർത്ഥ കള്ളക്കളി ..
വി ഡി സതീശൻ്റെ ഒരുസ്കിൽ നോക്കൂ.. " ആലപ്പുഴയിൽ കരിമണൽ വാരാൻ അനുമതി നൽകിയത് ആരാണെന്ന് നിയമസഭയിൽ പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു "
സത്യം: എ കെ ആൻറണി 2013ൽ സ്വകാര്യമേഖലയ്ക്ക് അനുമതി നൽകി.
അതിൽ പ്രതിപക്ഷം എങ്ങനെ ഉത്തരവാദിയാകും..
ഇന്നത്തെ പ്രതിപക്ഷം എക്കാലത്തും കരിമണൽ വിഷയത്തിൽ സ്വകാര്യ മേലലയെ എതിർക്കുകയാണല്ലോ ചെയ്തത്: സ്വകാര്യ മേഖലയെ എതിർത്ത പ്രതിപക്ഷത്തോടല്ല, സ്വന്തം പാർടിയിലെ ആൻ്റണിയോടല്ലേ സതീശൻ ചോദിച്ചത് എന്ന് സുധീരനറിയാം, മനോരമക്ക് അതറിയാത്തതല്ല.
സതീശൻ നുണ പറയുന്നത് എന്തുകൊണ്ട്?
എതു നുണയും പറയാൻ പറ്റുന്ന അനു ബന്ധനുണകൾ മാധ്യമങ്ങൾ സൃഷ്ടിക്കുന്നതുകൊണ്ട്. "എം.ബഡസ് ജേർണലിസം".
നുണ പറയുന്ന സതീശൻ്റെ സഹശയനം നടത്തി അനുബന്ധനുണ നിർമ്മിക്കുന്നതിന് എംബഡസ് ജേർണലിസം എന്നു നിർവ്വചിക്കാം.. അതിൻ്റെ ക്ലാസിക്ക് ഉദാഹരണമാണു് എന്നത്തേയും പോലെ ഇന്നത്തേയും മനോരമ വാർത്ത..










0 comments