എൻജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡിൽ 41 ഒഴിവ്

കേന്ദ്ര സർക്കാരിന് കീഴിലുള്ള നവരത്ന പൊതുമേഖലാ സ്ഥാപനമായ എൻജിനിയേഴ്‌സ് ഇന്ത്യ ലിമിറ്റഡിൽ (EIL) വിവിധ വിഭാഗങ്ങളിലായി പരിചയസമ്പന്നരായ എൻജിനിയർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അസോസിയേറ്റ് എൻജിനിയർ ഗ്രേഡ് II, ഗ്രേഡ് III തസ്തികകളിലായി ആകെ 41 ഒഴിവാണുള്ളത്. ജൂൺ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. മെക്കാനിക്കൽ, സിവിൽ, കെമിക്കൽ, എൻവയോൺമെന്റ്, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, മെറ്റലർജി തുടങ്ങിയ എൻജിനിയറിങ് ശാഖകളിലാണ് ഒഴിവുകൾ. വിവിധ പ്രോജക്ടുകളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കപ്പെടുന്നവരെ നാഷണൽ കാപ്പിറ്റൽ റീജ്യണിലോ ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലോ വിദേശത്തോ നിയമിക്കുന്നതായിരിക്കും. ബന്ധപ്പെട്ട എൻജിനിയറിങ് വിഷയങ്ങളിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ബിഇ/ ബിടെക്/ ബിഎസ്‌സി (എൻജിനിയറിങ്) ബിരുദമാണ് യോഗ്യത. തസ്തികകൾക്ക് അനുസരിച്ച് റിഫൈനറി, പെട്രോകെമിക്കൽസ് തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് 5 വർഷം (ഗ്രേഡ് II), അല്ലെങ്കിൽ 9 വർഷം (ഗ്രേഡ് III) പ്രവൃത്തിപരിചയം നിർബന്ധമാണ്. അസോസിയേറ്റ് എൻജിനിയർ ഗ്രേഡ് II തസ്തികയിലേക്ക് 37ഉം ഗ്രേഡ് III തസ്തികയിലേക്ക് 41ഉം ആണ് പ്രായപരിധി. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും നിയമനം. അഭിമുഖങ്ങൾ ഗുരുഗ്രാം, കൊൽക്കത്ത, മുംബൈ, ചെന്നൈ, ബംഗളൂരു, വഡോദര എന്നീ നഗരങ്ങളിലാണ് നടക്കുക. ഈ റിക്രൂട്ട്‌മെന്റിന് അപേക്ഷാഫീസ് ഇല്ല. engineersindia.com സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ജോലി ചെയ്യുന്ന നഗരങ്ങളുടെ കാറ്റഗറി അനുസരിച്ച് പ്രതിമാസം 72,000 രൂപ മുതൽ 96,000 രൂപ വരെ ശമ്പളം ലഭിക്കും.










0 comments