സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതി വീണു ; കാവേരി നദിയിൽ ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ മുങ്ങിമരിച്ചു

image: india today
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കാവേരി നദിയിൽ ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ മുങ്ങിമരിച്ചു. വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിക്ക് സമീപമാണ് അപകടമുണ്ടായത്.
കബ്ബാല ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം നദിക്കരയിലെത്തിയതായിരുന്നു കുടുംബം. കബ്ബാല ക്ഷേത്രത്തിലെ ദർശനത്തിന് പിന്നാലെ മുത്തത്തിരയ ക്ഷേത്രത്തിലേക്ക് പോകാൻ സംഘം തീരുമാനിച്ചിരുന്നുവെന്നും തുടർന്ന് കാവേരി നദിയിലേക്ക് പോയ കുടുംബത്തിലെ നാല് പേർ ഉൾപ്പെടെയുള്ളവർ അപകടത്തിൽപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. ബംഗളൂരുവിലെ ബ്യാദരഹള്ളി സ്വദേശികളായ ശ്വേത (38), ചൈത്ര (20), വിജയമ്മ (50), പ്രിയങ്ക (28), ഡ്രൈവറായ മഹേഷ് എന്നിവരാണ് മരിച്ചത്.
നദിക്കരയിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ വിജയമ്മ കാൽവഴുതി നദിയുടെ ആഴമേറിയ ഭാഗത്തേക്ക് വീഴുകയായിരുന്നു. തുടർന്ന് വിജയമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവർ ഒഴുക്കിൽപ്പെടുകയായിരുന്നു. അപടകട്ടിൽപ്പെട്ട മറ്റൊരാളെയും നാലു വയസുള്ള കുട്ടിയെയും നാട്ടുകാർ രക്ഷപ്പെടുത്തി. ഹോംഗാർഡുകളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം നദിയിലേക്ക് ഇറങ്ങിയതെന്ന് അധികൃതർ അറിയിച്ചു. അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് അഞ്ച് മൃതദേഹങ്ങളും കരക്കെത്തിച്ചത്. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.










0 comments