ജീവൻ കാത്ത സെക്കൻഡുകൾ; ഭൂകമ്പം മുൻകൂട്ടി അറിഞ്ഞ് ഗൂഗിൾ

കാരക്കാസ്: വെനിസ്വേലയിൽ അടുത്തിടെ ഉണ്ടായ ഇരട്ട ഭൂചലനങ്ങൾ വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്. എന്നാൽ ഭൂചലനത്തിന് ഏതാനും സെക്കൻഡുകൾക്ക് മുമ്പ് തന്നെ അവിടുത്തെ പല ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കും ഗൂഗിളിൽ നിന്ന് ഭൂചലന മുന്നറിയിപ്പ് സന്ദേശം ലഭിക്കുകയുണ്ടായി.
ഭൂചലനം അനുഭവപ്പെടുന്നതിന് തൊട്ടുമുമ്പ് തങ്ങളുടെ ഫോൺ സ്ക്രീനിൽ അപകട മുന്നറിയിപ്പ് വന്നതായി പലരും സോഷ്യൽ മീഡിയയിലൂടെ സ്ക്രീൻഷോട്ടുകൾ സഹിതം പങ്കുവെച്ചു. കൃത്യമായി മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത ഭൂകമ്പത്തെക്കുറിച്ച് ഗൂഗിൾ എങ്ങനെയാണ് സെക്കൻഡുകൾക്ക് മുമ്പ് അറിഞ്ഞു എന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന ചോദ്യം.
ആധുനിക സ്മാർട്ട്ഫോണുകളിൽ ആക്സിലറോമീറ്റർ എന്നൊരു സെൻസറുണ്ട്. ഫോൺ തിരിക്കുമ്പോൾ സ്ക്രീൻ തനിയെ റൊട്ടേറ്റ് ആകുന്നത് ഈ സെൻസർ ഉള്ളതുകൊണ്ടാണ്. എന്നാൽ ഇതിനൊരു മറ്റൊരു കഴിവ് കൂടിയുണ്ട്, ഭൂമിയിലുണ്ടാകുന്ന ചെറിയ ചലനങ്ങളെയും വൈബ്രേഷനുകളെയും തിരിച്ചറിയാൻ ഇതിന് സാധിക്കും.
ഒരു പ്രദേശത്ത് ഭൂചലനത്തിന്റെ ആദ്യ ചലനങ്ങൾ ഉണ്ടാകുമ്പോൾ, അവിടുത്തെ ഫോണുകളിലെ ആക്സിലറോമീറ്റർ സെൻസറുകൾ ഇത് തിരിച്ചറിയുകയും ഉടൻ തന്നെ ആ വിവരം ഗൂഗിളിന്റെ 'ആൻഡ്രോയിഡ് എർത്ത്ക്വേക്ക് അലർട്ട് സിസ്റ്റം'സെർവറിലേക്ക് അയക്കുകയും ചെയ്യും.
ഒരു ഫോണിൽ നിന്ന് മാത്രമല്ല, ആ പ്രദേശത്തെ നൂറുകണക്കിന് ഫോണുകളിൽ നിന്ന് ഒരേസമയം ഇത്തരത്തിലുള്ള വൈബ്രേഷൻ സിഗ്നലുകൾ വരുമ്പോൾ അവിടെ ഭൂചലനം ആരംഭിച്ചതായി ഗൂഗിൾ സെർവർ സ്ഥിരീകരിക്കുന്നു.
ഭൂകമ്പത്തിന്റെ തുടക്കത്തിൽ വരുന്ന അപകടമില്ലാത്ത തരംഗങ്ങളെ ഫോണിലെ സെൻസറുകൾ ആദ്യം തന്നെ തിരിച്ചറിയുന്നു. ഈ വിവരം ഫോൺ ഇന്റർനെറ്റ് വഴി പ്രകാശത്തിന്റെ വേഗതയിലാണ് ഗൂഗിൾ സെർവറിലേക്ക് എത്തിക്കുന്നത്. ഭൂകമ്പ തരംഗങ്ങളുടെ വേഗതയേക്കാൾ ലക്ഷക്കണക്കിന് മടങ്ങാണ് പ്രകാശത്തിന്റെ വേഗത.
ഇതുമൂലം, കിലോമീറ്ററുകൾ അകലെയുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് വലിയ കുലുക്കം ഉണ്ടാക്കുന്ന തരംഗങ്ങൾ ജനങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ, പ്രകാശവേഗതയിൽ സഞ്ചരിച്ച ഗൂഗിൾ സിഗ്നലുകൾ ജനങ്ങളുടെ ഫോണുകളിൽ അലർട്ടുകളായി എത്തിച്ചേരുന്നു. ഈ ഏതാനും സെക്കൻഡുകൾ കൊണ്ട് ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാൻ സാധിക്കും.
ആൻഡ്രോയിഡ് ഫോണുകളിൽ ഭൂചലനത്തിന്റെ തീവ്രത അനുസരിച്ച് രണ്ട് രീതിയിലാണ് ഗൂഗിൾ അലർട്ടുകൾ നൽകുന്നത്. ബീ അവെയർ അലർട്ട് ചെറിയ കുലുക്കമാണെങ്കിൽ സ്ക്രീനിൽ ചെറിയൊരു നോട്ടിഫിക്കേഷൻ വരുന്നു.ശക്തമായ ഭൂചലനമാണെങ്കിൽ ഫോൺ ഉറക്കെ ശബ്ദിക്കുകയും, സ്വയം പരിരക്ഷിക്കാൻ എന്തുചെയ്യണം എന്ന നിർദ്ദേശങ്ങളും മാപ്പും സ്ക്രീനിൽ കാണിക്കുകയും ചെയ്യും. നിങ്ങളുടെ ഫോണിലെ Settings > Safety & Emergency > Earthquake Alerts എന്ന ഓപ്ഷൻ വഴി ഈ ഫീച്ചർ ഓൺ ആണെന്ന് ഉറപ്പുവരുത്താവുന്നതാണ്.










0 comments