ad
Deshabhimani

ജമ്മു കശ്മീരിൽ പൊലീസ് സ്റ്റേഷൻ ആക്രമണം: 40 സൈനികർക്കെതിരെ കേസ്

Kishtwar.jpg
വെബ് ഡെസ്ക്

Published on Jun 25, 2026, 02:24 PM | 1 min read

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ കമാൻഡിങ് ഓഫീസറും മേജറും അടക്കം 40-ഓളം സൈനികർക്കെതിരെ പൊലീസ് കേസ്. അതോളി പൊലീസ് സ്റ്റേഷൻ അക്രമിച്ചതിനും ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിനുമാണ് കേസ്.


17 രാഷ്ട്രീയ റൈഫിൾസ് കമാൻഡിങ് ഓഫീസർ കേണൽ എൻ അരുൺ ഗാന്ധി, മേജർ വികാസ് ശർമ, നായിബ് സുബേദാർ ശങ്കർ ഗുർഖെ എന്നിവരടക്കം തിരിച്ചറിയാത്ത 30-40 സൈനികർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.


അതോളി പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്ഒ അമൃത് കട്ടോച്ചിനെയും ഡിഎസ്പി വിജയ് കുമാർ ഭഗത്തിനെയും ആക്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. വാഹനപരിശോധനയ്ക്കിടെ ആർടിഒ ഉദ്യോഗസ്ഥർ ഒരു സൈനിക വാഹനം പിടിച്ചെടുത്തതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.


വടികളുമായും ഇരുമ്പ് ദണ്ഡുകളുമായും സ്റ്റേഷനിലെത്തിയ സൈനികർ ഗേറ്റും മതിലും ചാടിക്കടന്ന് ഉള്ളിൽ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസുകാരുടെ ഔദ്യോഗിക വാഹനങ്ങളും ആർടിഒയുടെ വാഹനവും അക്രമികൾ തകർത്തു.


പൊലീസുകാരെ വധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്ന് എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിൽ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ഇന്ത്യൻ സൈനിക വക്താവ് പ്രതികരിച്ചു.


അതോളി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ സംബന്ധിച്ച് നിയമപരമായ നടപടിക്രമങ്ങൾ നടക്കുകയാണ്. അന്വേഷണ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വക്താവ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home