ad
Deshabhimani

ഒരേയൊരു മൈക്കൽ ജാക്സൺ; 'കിങ് ഓഫ് പോപ്പ്' ഓർമയായിട്ട് 17 വ‌ർഷം

Michael Jackso
വെബ് ഡെസ്ക്

Published on Jun 25, 2026, 03:34 PM | 2 min read

ചടുലമായ നൃത്തച്ചുവടുകൾ, വിസ്മയിപ്പിക്കുന്ന ടൈമിങ്, ആസ്വാദകരുടെ സിരകൾ ത്രസിപ്പിക്കുന്ന സംഗീതം—വർഷങ്ങൾക്കിപ്പുറവും മൈക്കൽ ജാക്‌സൺ എന്ന മഹാപ്രതിഭ ലോകത്തിന്റെ ഹൃദയം കീഴടക്കുകയാണ്. വിരിച്ച് പിടിച്ച കൈകളും ചുരുണ്ട മുടിയും അസാധാരണ വേഷവിധാനവും മാസ്മരിക പ്രകടനവുംകൊണ്ട് സദസിനെ വിസ്മയിപ്പിച്ച 'പോപ്പ് സംഗീതത്തിന്റെ രാജാവ്' ലോകത്തോട് വിടപറഞ്ഞിട്ട് ഇന്നേക്ക് 17 വർഷം.


1958 ഓഗസ്റ്റ് 29-ന് ഇന്ത്യാനയിലെ ഗാരിയിലാണ് മൈക്കലിന്റെ ജനനം. 'ജാക്‌സൺ 5' എന്ന കുടുംബ ബാൻഡിലൂടെ ബാല്യത്തിൽ തന്നെ സംഗീത ലോകത്തിലേക്ക് മൈക്കൽ എത്തി. ബാല്യത്തിൽ നിന്ന് തുടങ്ങിയ സം​ഗീത യാത്ര പിന്നീട് വിപ്ലവമായി മാറുകയായിരുന്നു. 1980-കളിൽ പുറത്തിറങ്ങിയ 'ത്രില്ലർ' എന്ന ആൽബം സംഗീത ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കറുത്ത വർഗക്കാരായ കലാകാരന്മാർക്ക് അപ്രാപ്യമായിരുന്ന എംടിവി പോലുള്ള മാധ്യമങ്ങളുടെ വാതിൽ കലയുടെ കരുത്തുകൊണ്ട് അവർ മൈക്കലിനായി തുറന്നുനൽകി. നൃത്തത്തിലെ വിസ്മയമായ 'മൂൺവാക്ക്' മുതൽ മ്യൂസിക് വീഡിയോകളെ ഒരു സ്വതന്ത്ര കലാരൂപമാക്കി മാറ്റിയത് വരെ, ജാക്‌സൺ കൈവരിച്ച നേട്ടങ്ങൾ എത്രയോ അധികം. 13 ഗ്രാമി അവാർഡുകൾ, ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബത്തിന്റെ ഉടമസ്ഥത, 'ബില്ലി ജീൻ', 'മാൻ ഇൻ ദി മിറർ' തുടങ്ങിയ കാലാതീതമായ ഗാനങ്ങൾ— അങ്ങനെ പോപ്പ് സംസ്കാരത്തിൽ ആ പ്രതിഭ ആഴത്തിൽ പതിഞ്ഞു.


ആസ്വാദനത്തിനപ്പുറം പലപ്പോഴും അസമത്യങ്ങൾക്കും അനീതിക്കുമെതിരെയുള്ള പ്രതിഷേധം കൂടിയായിരുന്നു മൈക്കലിന്റെ വരികൾ. "ദേ ഡോണ്ട് കെയർ എബൗട്ട് അസ്" എന്ന ഗാനം കേവലം ഒരു പോപ്പ് ഗാനത്തിനപ്പുറം, വംശീയതയ്ക്കും സ്വേച്ഛാധിപത്യത്തിനും നിസ്സംഗതയ്ക്കുമെതിരെയുള്ള ശക്തമായൊരു അന്താരാഷ്ട്ര പ്രതിഷേധഗാനമായി ഇന്നും നിലനിൽക്കുന്നു. ബ്രസീലിലെ ഫാവെലകളിലും ജയിൽ പശ്ചാത്തലത്തിലും സ്പൈക്ക് ലീ ചിത്രീകരിച്ച ഇതിന്റെ മ്യൂസിക് വീഡിയോകൾ, അക്കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും നിയമതടസ്സങ്ങൾക്കും കാരണമായെങ്കിലും, മനുഷ്യാവകാശ ലംഘനങ്ങളെ ലോകത്തിനുമുന്നിൽ തുറന്നുകാട്ടുന്ന ഒരു നിർണ്ണായക കലാപ്രസ്താവനയായി മാറി. 2020-ലെ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധങ്ങൾക്കിടയിൽ ജനക്കൂട്ടം ഈ ഗാനത്തിന്റെ കോറസ് ഏറ്റുപാടിയതും വലിയ ശ്രദ്ധ നേടി.


2001-ൽ പുറത്തിറങ്ങിയ 'ഇൻവിൻസിബിൾ' (Invincible), മൈക്കൽ ജാക്‌സന്റെ സംഗീത യാത്രയിലെ അവസാനത്തെ സ്റ്റുഡിയോ ആൽബമാണ്. ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ ഈ ആൽബം നിർമ്മിക്കുന്നതിനായി വൻ തുക ചിലവഴിക്കുകയും അന്നത്തെ കാലഘട്ടത്തിലെ അത്യാധുനിക സാങ്കേതികവിദ്യകളും മികച്ച നിർമ്മാതാക്കളായ റോഡ്‌നി ജെർക്കിൻസ്, ടെഡി റൈലി എന്നിവരെയും അദ്ദേഹം കൂട്ടുപിടിക്കുകയും ചെയ്തിരുന്നു. തനതായ പോപ്പ് ശൈലിയിൽ നിന്ന് മാറി, സമകാലികമായ ആർ & ബി (R&B), ഹിപ് ഹോപ്പ് ഘടകങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് അദ്ദേഹം ഈ ആൽബം ഒരുക്കിയത്. ഒരു കലാകാരൻ എന്ന നിലയിൽ തന്റെ ശബ്ദത്തെയും സംഗീതത്തെയും നിരന്തരം നവീകരിക്കാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെ അവസാനത്തെ അടയാളമായിരുന്നു 'ഇൻവിൻസിബിൾ'.


എന്നാൽ, പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും വിവാദങ്ങളുടെ നിഴലുകൾ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. വ്യക്തിജീവിതത്തിലെ അവ്യക്തതകളും ലൈംഗികാരോപണങ്ങളും മാധ്യമങ്ങളുടെ നിരന്തര ആക്രമണങ്ങളും അദ്ദേഹത്തെ തളർത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യപ്രശ്നങ്ങളും അലട്ടിയ നാളുകൾക്കൊടുവിൽ, ഒരു ഗംഭീര തിരിച്ചുവരവിനായി തയ്യാറെടുക്കവെ 2009 ജൂൺ 25-ന് ലോസ് ഏഞ്ചൽസിൽ വച്ച് ആ ശബ്ദം നിലച്ചു. അനസ്തേഷ്യ നൽകിയതിലെ പിഴവുമൂലമുണ്ടായ അകാല മരണം ലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.


മൈക്കൽ ജാക്‌സന്റെ വിടവാങ്ങലിന് ശേഷവും അദ്ദേഹത്തിന്റെ ജീവിതം ഇന്നും ചർച്ചകൾക്കും സംവാദങ്ങൾക്കും വിഷയമാണ്. പല ഡോക്യുമെന്ററികളും സിനിമകളും അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇരുണ്ട വശങ്ങളെയും അതുല്യമായ നേട്ടങ്ങളെയും ഒരേപോലെ പരിശോധിക്കുന്നു. സംഗീതത്തിനും ഡാൻസിനും അദ്ദേഹം നൽകിയ സംഭാവനകൾ കാലത്തെ അതിജീവിക്കുന്നു. പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെ, ജാക്‌സന്റെ സംഗീതം പുതിയ തലമുറകൾക്കും ആവേശമാകുന്നു. ആ ശബ്ദത്തിന് അനുകരണമില്ല, ആവർത്തനങ്ങളുമില്ല. ഒരേയൊരു പേര് മാത്രം—മൈക്കൽ ജാക്‌സൺ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home