ad
Deshabhimani

യുപിഐ പേയ്‌മെന്റ് ഇനി കൂടുതൽ വേഗത്തിൽ; പുത്തൻ ഫീച്ചറുകളുമായി ഭീം ആപ്പ്

BHIM UPI

പ്രതീകാത്മക ചിത്രം (Image Credit - CNBC TV18)

വെബ് ഡെസ്ക്

Published on Jun 25, 2026, 04:05 PM | 1 min read

മുംബൈ : ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കാനൊരുങ്ങി ഭീം (BHIM) പേയ്‌മെന്റ് ആപ്പ്. ക്രെഡിറ്റ് കാർഡുകൾ, വായ്പകൾ, നിക്ഷേപങ്ങൾ, ഇൻഷുറൻസ് പോളിസികൾ എന്നിങ്ങനെ വിവിധ സൗകര്യങ്ങൾ ഇനി ആപ്പ് വഴി ലഭ്യമാവുമെന്ന് എൻപിസിഐ ഭീം സർവീസസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ലളിത നടരാജ് അറിയിച്ചു. ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യുന്നതിനായി ഒന്നിലധികം ബാങ്കുകളുമായും, വായ്പകൾ ലഭ്യമാക്കുന്നതിനായി വിവിധ ചെറുകിട ബാങ്കിങ് സ്ഥാപനങ്ങളുമായും കമ്പനി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.


നാഷണൽ പെൻഷൻ സ്കീമുകൾക്കായി ബാങ്കുകളുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും ഇൻഷുറൻസ്, നിക്ഷേപ സേവനങ്ങൾ തൊട്ടുപിന്നാലെ ലഭ്യമാക്കുമെന്നും സിഇഒ അറിയിച്ചു. 2016ൽ ആരംഭിച്ച ഭീം ആപ്പ് നിരവധി മാറ്റങ്ങൾ ഇതിനോടകം വരുത്തിയിട്ടുണ്ട്. ലളിതവും സുരക്ഷിതവുമായ പ്ലാറ്റ്‌ഫോം എന്ന ലക്ഷ്യത്തോടെയാണ് 2025ൽ 'ഭീം 3.0' പുറത്തിറക്കിയത്.


ഭീം ആപ്പിന്റെ സാങ്കേതികവിദ്യ ബാങ്കുകളുടെ മൊബൈൽ ആപ്പുകളുമായി സംയോജിപ്പിക്കുന്ന കാര്യം കമ്പനി സജീവമായി പരിഗണിച്ചുവരികയാണ്. കാനറ ബാങ്കുമായി ചേർന്നാണ് പുതിയ തുടക്കം കുറിച്ചിരിക്കുന്നത്. പുത്തൻ ഫീച്ചറുകളും നവീകരിച്ച സാങ്കേതികവിദ്യയും ലഭ്യമാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും യുപിഐ പേയ്‌മെന്റുകൾ നടത്താൻ പുതിയ മാറ്റം സഹായിക്കും.


ഭീം ആപ്പിലെ ഇടപാടുകളുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നിരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയത്. പ്രതിമാസ ഇടപാടുകളുടെ എണ്ണം 2025 ജൂണിലെ 7.96 കോടിയിൽ നിന്ന് 2026 മേയ് ആയപ്പോഴേക്കും 24.4 കോടിയായി ഉയർന്നു. 2026 മേയ് മാസത്തിൽ മാത്രം 26,952 കോടി രൂപയുടെ ഇടപാടുകളാണ് പ്ലാറ്റ്‌ഫോം വഴി നടന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home