തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഗുണ്ടാരാജെന്ന് കടകംപള്ളി സുരേന്ദ്രൻ; വനിതാ കൗൺസിലർമാർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അഴിച്ചുവിട്ടത് ഗുണ്ടാരാജാണെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ. കാപ്പ ചുമത്തി ജയിലിലടച്ച ബിജെപി കൗൺസിലർ ആർ സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിന് നേരെ മേയറുടെ നേതൃത്വത്തിൽ ബിജെപി അംഗങ്ങൾ നടത്തിയ ആക്രമണം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘർഷത്തിൽ എൽഡിഎഫിന്റെ വനിതാ കൗൺസിലറും നികുതി കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ സിന്ധു ശശിക്ക് ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് നാല് സ്റ്റിച്ചുകളുണ്ട്. ഇവരെ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പ്രതിഷേധത്തിനിടെ എൽഡിഎഫ് കൗൺസിലർമാരായ രണ്ട് പേരുടെ കാലിനും പരിക്കേറ്റിട്ടുണ്ട്.
സംഭവമറിഞ്ഞ് സിപിഐ എം നേതാക്കളായ വി ശിവൻകുട്ടി, വി ജോയി എന്നിവർ ആശുപത്രിയിലെത്തി. മേയറെ തടയുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല സമരം നടത്തിയത്. എന്നാൽ മേയർ ഗുണ്ടകളെയും കൂട്ടി വന്ന് പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു.
അക്രമം നടത്തിയ ശേഷം മേയർ ആശുപത്രിയിൽ പോയി കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ നടത്തിയ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെ തുടർന്ന് നാലാഴ്ചയ്ക്കകം 20 പേരും വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം എന്നായിരുന്നു ഉത്തരവ്.
എന്നാൽ ഇന്നലെ തന്നെ വൈകുന്നേരം മറ്റാരെയും അറിയിക്കാതെ സുഗതൻ ഒഴികെയുള്ള ബാക്കി 19 കൗൺസിലർമാരും സത്യപ്രതിജ്ഞ ചെയ്തു. കൗൺസിലിലെ മുഴുവൻ അംഗങ്ങൾക്കും നോട്ടീസ് പോലും നൽകാതെയായിരുന്നു ഈ അടിയന്തര സത്യപ്രതിജ്ഞ.
ഭരണഘടനാവിരുദ്ധമായി നടത്തിയ ഈ സത്യപ്രതിജ്ഞയ്‌ക്കെതിരെ എൽഡിഎഫ് കൗൺസിലർ നടത്തിയ മേയർ ഓഫീസിൽ ഉപരോധത്തിനിടയിലേക്കാണ് മേയർ ബിജെപി അംഗങ്ങളുമായി ഇടിച്ചുകയറിയത്. മേയറുടെ നേതൃത്വത്തിൽ ബിജെപി കൗൺസിലർമാരും പ്രവർത്തകരും അഴിച്ചുവിട്ട അക്രമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് എൽഡിഎഫിന്റെ തീരുമാനം.









0 comments