യുദ്ധവിരുദ്ധതയും മാനവികതയും ആയുധമാക്കി അമേരിക്കൻ പ്രോഗ്രസ്സീവുകൾ; ഡെമോക്രാറ്റിക് തെരഞ്ഞെടുപ്പിൽ അട്ടിമറി

ന്യൂയോർക്ക്: വരാനിരിക്കുന്ന നവംബർ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ ആഭ്യന്തര പ്രൈമറി സ്ഥാനാർത്ഥി നിർണ്ണയ തെരഞ്ഞെടുപ്പിൽ നേതൃത്വത്തെ ഞെട്ടിച്ച് പാര്‍ട്ടിക്കകത്തെ പുരോഗമനപക്ഷ സ്ഥാനാർത്ഥികൾക്ക് വൻ വിജയം. ഇസ്രായേൽ-ഗാസ ആക്രമണത്തിൽ പലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കുകയും മാനവികതയിലൂന്നിയ നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത സ്ഥാനാർത്ഥികൾ പാർട്ടിയുടെ ഔദ്യോഗിക നേതൃത്വം പിന്തുണച്ച മിതവാദികളെ അട്ടിമറിച്ചു.
അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ മാനവികതയും മനുഷ്യാവകാശങ്ങളും പ്രധാന രാഷ്ട്രീയ ആവശ്യമായി തിരിച്ചെത്തുന്നു എന്ന നിലയിൽ വിലയിരുത്തലുകൾ പുറത്തുവന്നു.
നവംബറിൽ അമേരിക്കയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാര്‍ടിയിലെ പ്രൈമറി തെരഞ്ഞെടുപ്പ് നടത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിക്കെതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥി ആരാകണം എന്ന് തീരുമാനിക്കാനായി പാർട്ടിയിലെ വോട്ടർമാർ മാത്രം പങ്കെടുത്ത 'പ്രൈമറി തെരഞ്ഞെടുപ്പ്' ആണിത്. ന്യൂയോർക്ക് നഗരത്തിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വലിയ ജനപിന്തുണയുള്ളതിനാൽ, ഈ പ്രൈമറിയിൽ വിജയിക്കുന്നവർ നവംബറിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളെ നേരിടുമ്പോൾ എളുപ്പത്തിൽ വിജയിക്കുമെന്നാണ് വിലയിരുത്തലുകൾ.
നേതൃത്വത്തെ ഞെട്ടിച്ച വിജയങ്ങൾ
ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനിയുടെ പിന്തുണയോടെ മത്സരിച്ച പുരോഗമനപക്ഷ സ്ഥാനാർത്ഥികളാണ് ഡെമോക്രാറ്റിക് പാര്‍ടിയിലെ എസ്റ്റാബ്ലിഷ്മെന്റ് നേതാക്കളെ അനായാസം പരാജയപ്പെടുത്തിയത്. ഗാസ വിഷയത്തിൽ വ്യക്തവും മാനുഷികവുമായ നിലപാട് സ്വീകരിച്ച ക്ലെയർ വാൽഡെസ് പാർട്ടി നേതൃത്വത്തിന്റെ പ്രിയങ്കരനായ അന്റോണിയോ റെയ്നോസോയെ പരാജയപ്പെടുത്തി പാർട്ടി ടിക്കറ്റ് ഉറപ്പിച്ചു.
ന്യൂയോർക്ക് നഗരത്തിലെ ലോവർ മാൻഹാട്ടൻ, ബ്രൂക്ലിൻ്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന പത്താം കോൺഗ്രഷണൽ ഡിസ്ട്രിക്ട് മണ്ഡലത്തിൽ മുൻ സിറ്റി കൺട്രോളർ ആയിരുന്ന ബ്രാഡ് ലാൻഡർ തിളങ്ങുന്ന വിജയം നേടി. പാര്‍ടിയുടെ ഇപ്പോഴത്തെ പ്രതിനിധിയായ ഡാൻ ഗോൾഡ്മാനെ പരാജയപ്പെടുത്തിയാണ് വിജയിച്ചത്. ഇരുവരും ജൂതവിഭാഗത്തിൽ നിന്നുള്ളവരാണെങ്കിലും ഗാസയിൽ നടക്കുന്നത് 'വംശഹത്യ' ആണെന്ന് തുറന്നുപറഞ്ഞ ലാൻഡറെ വോട്ടർമാർ നെഞ്ചേറ്റുകയായിരുന്നു.
ക്ലെയർ വാൽഡെസിന്റെ മുന്നേറ്റത്തിന് പിന്നാലെ ബ്രൂക്ലിൻ നിവാസിയായ വരുൺ വെങ്കിടേഷ് എന്ന 27-കാരനായ വോട്ടറുടെ പ്രതികരണം വൈറലായി. "എനിക്ക് വോട്ടർ എന്ന നിലയിൽ ഒരു കൃത്യമായ മാനദണ്ഡം ഉണ്ടായിരുന്നു. സ്ഥാനാർത്ഥികൾ ഫലസ്തീൻ ജനതയ്ക്കായി എന്തുചെയ്യുന്നു എന്നത് മാത്രമായിരുന്നു അത്." എന്നായിരുന്നു പ്രതികരണം.
"നമ്മുടെ നികുതിപ്പണം കൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ യുദ്ധങ്ങൾക്ക് ഇനി ധനസഹായം നൽകാനാകില്ല. ജോ ബൈഡന്റെ 'ഹഗ് ബിബി' (നെതന്യാഹുവിനെ കെട്ടിപ്പുണരുന്ന) തന്ത്രം വലിയൊരു അബദ്ധമായിരുന്നു. ഡെമോക്രാറ്റിക് വോട്ടർമാർ ഇതാണ് ഉച്ചത്തിൽ വിളിച്ചുപറയുന്നത്." > – ബ്രാഡ് ലാൻഡർ (വിജയ പ്രസംഗത്തിൽ നിന്ന്)
73,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ട ഗാസ യുദ്ധത്തിൽ ഇസ്രായേലിന്റെ നടപടികളെ യുഎൻ കമ്മീഷനും മനുഷ്യാവകാശ സംഘടനകളും വംശഹത്യ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഏറ്റവും അധികം കുട്ടികളെ യുദ്ധങ്ങളിൽ കൊലപ്പെടുത്തിയത് ഇസ്രയേലാണെന്നും യു എൻ കണക്കുകൾ പുറത്തു വിട്ടു. മുൻകാലങ്ങളിൽ ഇസ്രായേലിനെ കണ്ണടച്ച് പിന്തുണയ്ക്കുന്നത് അമേരിക്കൻ രാഷ്ട്രീയത്തിലെ അലിഖിത നിയമമായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ മാനുഷിക പരിഗണനകൾ ഉയർത്തിപ്പിടിക്കുന്നത് ഒരു രാഷ്ട്രീയ ആവശ്യമായി ഉയരുന്നു. ഇതോടൊപ്പം, യുദ്ധത്തെക്കാൾ മനുഷ്യത്വത്തിന്റെ കൂടെ നിൽക്കുന്നവരുടെ എണ്ണം അമേരിക്കയിൽ അതിവേഗം വർദ്ധിക്കുകയാണെന്നും പ്രൈമറി ഫലം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ വാദിക്കുന്നു.
പാർട്ടിക്കുള്ളിലെ മാറ്റങ്ങൾ
പുരോഗമനപക്ഷത്തിന്റെ ഈ വിജയം ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. കമല ഹാരിസിന്റെ മുൻകാല തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെപ്പോലും ഗാസ വിഷയം ബാധിച്ചിരുന്നു. അവരുടെ പരാജയത്തിന് കാരണമായ രീതിയിൽ മിഷിഗൺ പോലുള്ള സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റുകൾക്ക് തിരിച്ചടിയുണ്ടായത് പഴയ നിലപാടുകൾ കാരണമാണെന്ന് ഡെമോക്രാറ്റിക് പാർട്ടി മുൻ ചെയർമാൻ ജാമി ഹാരിസൺ വിലയിരുത്തുകയുണ്ടായി. ഭാവിയിൽ ഇസ്രായേലിനുള്ള സൈനിക സഹായം കുറയ്ക്കാൻ പാർട്ടി നിർബന്ധിതരാകുമെന്നും അന്ന് സൂചിപ്പിച്ചത് ചര്‍ച്ചയായിരുന്നു. എന്നാൽ ഇത് തീവ്ര നിലപാടാണെന്നും, ഇവ റിപ്പബ്ലിക്കൻ പാർട്ടിക്ക് ആയുധമാകുമെന്നും സ്വതന്ത്ര വോട്ടർമാരെ അകറ്റുകയാവും ഫലമെന്നും പാർട്ടിക്കുള്ളിലെ മിതവാദികൾ ആവര്‍ത്തിച്ചു.
റിപ്പബ്ലിക്കൻ പാർട്ടിയും
നവംബറിലെ പോരാട്ടവും
ഈ പ്രൈമറി മത്സരങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് പങ്കില്ലായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി പൂർണ്ണമായും വലതുപക്ഷ/യാഥാസ്ഥിതിക നിലപാടുകളിലാണ് ഉറച്ചുനിൽക്കുന്നത്. അവരിൽ ഇത്തരം 'പുരോഗമന പക്ഷം' എന്ന നിലയിലുള്ള വിഭജനം ഇല്ല. എന്നാൽ ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ ആഭ്യന്തര മാറ്റങ്ങളെ റിപ്പബ്ലിക്കൻ ക്യാമ്പിൽ ആശങ്കയാണ്.
Related News
ഇപ്പോൾ പ്രൈമറി ജയിച്ച പുരോഗമന സ്ഥാനാർത്ഥികൾ വരാനിരിക്കുന്ന നവംബറിലെ പൊതുതെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥികളുമായി നേരിട്ട് ഏറ്റുമുട്ടും. വോട്ടർമാർക്കിടയിൽ വർദ്ധിച്ചുവരുന്ന മാനുഷിക തരംഗം നവംബറിലെ പൊതുതെരഞ്ഞെടുപ്പിലും, തുടർന്ന് വരാനിരിക്കുന്ന 2028-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും അമേരിക്കൻ രാഷ്ട്രീയത്തിന്റെ ദിശ മാറ്റിയെഴുതുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ട്രംപിന്റെ ഇസ്രയേലുമായുള്ള ബന്ധത്തിൽ അടുത്ത കാലത്ത് പ്രത്യക്ഷപ്പെട്ട തിരുത്തലുകൾ ഇത്തരത്തിൽ ഉയര്‍ന്നു വരുന്ന രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ സംതുലിതപ്പെടുത്താനാണെന്ന വിലയിരുത്തലുകളും ഉണ്ട്.










0 comments