15 കാരിയുടെ 28 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി

ന്യൂഡൽഹി: ലൈംഗിക അതിക്രമത്തെ അതിജീവിച്ച 15 കാരിയുടെ 28 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ ഡൽഹി ഹൈക്കോടതി അനുമതി. നിയമപ്രകാരം 24 ആഴ്ചയ്ക്ക് ശേഷം ഗർഭഛിദ്രത്തിന് അനുമതിയില്ലെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരിടേണ്ടി വന്ന കടുത്ത മാനസികാഘാതവും പീഡനവും കണക്കിലെടുത്താണ് കോടതിയുടെ ഈ അസാധാരണ ഉത്തരവ്. കുട്ടിക്ക് ഗർഭഛിദ്രത്തിനായി ന്യൂഡൽഹി എയിംസിൽ പ്രവേശിക്കാം.
ഹൈക്കോടതി വെക്കേഷൻ ബെഞ്ച് ജസ്റ്റിസ് മിനി പുഷ്കർണയുടേതാണ് വിധി. ഗർഭവുമായി മുന്നോട്ട് പോകുന്നത് കുട്ടിയുടെ മാനസികാരോഗ്യത്തെ തകർക്കുമെന്ന എയിംസ് മെഡിക്കൽ ബോർഡ് റിപ്പോര്‍ടും പരിഗണിച്ചു.
ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും മുൻനിർത്തിയാണ് കുട്ടിയുടെ പിതാവ് കോടതിയെ സമീപിച്ചത്. പ്രക്രിയയ്ക്കിടെ കുഞ്ഞ് ജീവനോടെ ജനിക്കുകയാണെങ്കിൽ, എയിംസ് മെഡിക്കൽ സൂപ്രണ്ടും സംസ്ഥാന അധികാരികളും കുട്ടിക്ക് ആവശ്യമായ എല്ലാ മെഡിക്കൽ സഹായങ്ങളും ഇൻകുബേറ്റർ സൗകര്യവും ഉറപ്പാക്കണം.വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കണം. പെൺകുട്ടിയുടെയും പിതാവിന്റെയും താല്പര്യപ്രകാരം നിയമപരമായ നടപടിക്രമങ്ങളിലൂടെ കുട്ടിയെ ദത്തെടുക്കാൻ നൽകാം.
കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസിൽ നിർണായക തെളിവായി ഉപയോഗിക്കുന്നതിന് വേണ്ടി ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്കായി സൂക്ഷിച്ചുവെക്കാനും എയിംസിന് കോടതി നിർദ്ദേശം നൽകി. ഗർഭഛിദ്രത്തിനായുള്ള മെഡിക്കൽ ചെലവുകളും ആശുപത്രിയിലെ താമസച്ചെലവും ഡൽഹി സർക്കാർ വഹിക്കണം.










0 comments