ഇരട്ട ഭൂചലനത്തിൽ വിറങ്ങലിച്ച് വെനസ്വേല; താങ്ങായി ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ

ഭൂചലനത്തെ തുടർന്ന് തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തുന്നു. (Image Credit: MANAURE QUINTERO / AFP)
കാരക്കാസ് : ഭൂചലനത്തിൽ വിറങ്ങലിച്ച വെനസ്വേലക്ക് താങ്ങാവാൻ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ. ബുധനാഴ്ച വൈകീട്ടോടെ വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങളിൽ 164 പേർ മരിക്കുകയും 971 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മുൻകൈയെടുക്കാൻ തയ്യാറായതായി വിവിധ രാജ്യങ്ങൾ പ്രസ്താവന പുറപ്പെടുവിച്ചത്.
സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്നും വെനസ്വേലൻ സർക്കാരിനോടും ജനങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി എക്സിൽ കുറിച്ചു. വെനസ്വേലയിൽ എല്ലാ സർക്കാർ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സഹായം ലഭ്യമാക്കുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസ - രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇറാൻ സന്നദ്ധത അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഇ വ്യക്തമാക്കി.
വെനസ്വേലയിലേക്ക് രക്ഷാപ്രവർത്തകർ, പരിശീലനം ലഭിച്ച നായകൾ, മറ്റ് സാമഗ്രികൾ എന്നിവയുൾപ്പെടുന്ന സംഘത്തെ അയക്കുമെന്ന് നെതർലൻഡ്സും അറിയിച്ചിട്ടുണ്ട്. ഈ സംഘത്തെ വിന്യസിക്കുന്നതിനായി ഏകദേശം 2 ദശലക്ഷം യൂറോ അനുവദിക്കുമെന്നും നെതർലൻഡ്സ് വ്യക്തമാക്കി.
സ്വിസ് റെസ്ക്യൂ ചെയിൻ എത്രയും വേഗം വെനസ്വേലയിലേക്ക് അയക്കാൻ സജ്ജമാക്കിയിട്ടുണ്ടെന്ന് സ്വിറ്റ്സർലൻഡ് സർക്കാരും പ്രസ്താവനയിലൂടെ അറിയിച്ചു. അടിയന്തര സഹായം നൽകാൻ റെസ്ക്യൂ ക്യാമറകൾ, ജിയോഫോണുകൾ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളുമായി തങ്ങളുടെ 54 സൈനിക രക്ഷാപ്രവർത്തകർ സജ്ജരാണെന്ന് സ്പെയിൻ പ്രതിരോധ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ആറ് സൈനിക വിമാനങ്ങൾ വിന്യസിക്കാൻ തയ്യാറാണെന്ന് ജർമൻ പ്രതിരോധ മന്ത്രിയും അറിയിച്ചു. വെനസ്വേലയുടെ ആവശ്യാനുസരണം ഉചിതമായ രീതിയിൽ തങ്ങളാൽ കഴിയുന്ന സഹായം നൽകാൻ സന്നദ്ധമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുനും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.









0 comments