ad
Deshabhimani

എഫ്‌സിആർഎ ചട്ടങ്ങളിലെ ഭേദഗതി പിൻവലിക്കണം: ആഭ്യന്തരമന്ത്രിക്ക്‌ കത്തയച്ച്‌ ജോൺ ബ്രിട്ടാസ്‌

john brittas mp
വെബ് ഡെസ്ക്

Published on Jun 25, 2026, 08:33 PM | 1 min read

ന്യൂഡൽഹി: എഫ്‌സിആർഎ ചട്ടങ്ങളിലെ ഭേദ​ഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ നേതാവ് ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തിൽ സർക്കാർ നടത്തുന്ന ഏറ്റവും ദൂരവ്യാപകമായ കടന്നുകയറ്റമാണിതെന്നും, സംഘടനകളുടെ സ്വയംഭരണാധികാരം വെട്ടിക്കുറച്ച് കർശനമായ നിയന്ത്രണങ്ങൾ സൃഷ്ടിക്കാനാണ് ഈ ഭേദഗതികളിലൂടെ ശ്രമിക്കുന്നതെന്നും ജോൺ ബ്രിട്ടാസ് വിമർശിച്ചു.


വിവാദ വിജ്ഞാപനങ്ങളിലെ ‘മതപരിവർത്തന പ്രചരണം’ എന്ന നിർവചനമില്ലാത്ത വ്യവസ്ഥ ഉദ്യോഗസ്ഥർ തോന്നുംപോലെ വ്യാഖാനം ചെയ്യാനും ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്‌. സംഘടനകളുടെ വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, സമൂഹമാധ്യമ അക്ക‍ൗണ്ടുകൾ, ഒ‍ൗദ്യോഗിക ആശയവിനിമയങ്ങൾ തുടങ്ങിയവ ഹാജരാക്കണമെന്ന വ്യവസ്ഥ സ്വകാര്യതയും പ്രവർത്തനസ്വാതന്ത്രവും ലംഘിക്കാനിടയാക്കും. സംഘടനകൾ സർക്കാർ മുൻകൂട്ടി തയ്യാറാക്കിയ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന വ്യവസ്ഥ പ്രവർത്തന സ്വാതന്ത്രത്തെ ഹനിക്കും.


‘മുഖ്യഭാരവാഹികൾ’ നിർവചനം വിപുലീകരിച്ചതിലും വലിയ ദുരൂഹതകളുണ്ട്‌. പുതിയ ഭേദഗതികൾ ഭരണഘടനയിലെ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന 14ാം അനുച്ഛേദം, സംഘടനാസ്വാതന്ത്രം വാഗ്‌ദാനം ചെയ്യുന്ന 19 (1) (സി) അനുച്ഛേദം, മതസ്വാതന്ത്രം ഉറപ്പുനൽകുന്ന 25,26 അനുച്ഛേദങ്ങൾ, ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പുനൽകുന്ന 29,30 അനുച്ഛേദങ്ങൾ തുടങ്ങിയവ അട്ടിമറിക്കുന്നതാണെന്നും ജോൺബ്രിട്ടാസ്‌ കത്തിൽ ചൂണ്ടിക്കാണിച്ചു. സന്നദ്ധ സംഘടനകളെയും നിയമവിദഗ്ധരെയും ഭരണഘടനാ വിദഗ്ധരെയും ഉൾപ്പെടുത്തി സമഗ്രമായ ഒരു കൂടിയാലോചനയ്ക്ക് കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും ഡോ. ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home