ad
Deshabhimani

പരിശീലനത്തിനെത്തിയ പെൺകുട്ടികളെ പീഡിപ്പിച്ച ക്രിക്കറ്റ്‌ കോച്ചിന് 35 വർഷം കഠിന തടവ്‌

m manu pocso case.jpg
വെബ് ഡെസ്ക്

Published on Jun 25, 2026, 08:50 PM | 1 min read

തിരുവനന്തപുരം : ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കോച്ചിന്‌ 35 വർഷം കഠിനതടവും 66,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം മനു(40)വിനെയാണ്‌ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്‌. പിഴ ഒടുക്കിയില്ലെങ്കിൽ ആറ്‌ വർഷവും ഒമ്പത്‌ മാസവും അധികതടവും അനുഭവിക്കണം. ഇയാൾക്കെതിരെയുള്ള രണ്ടാമത്തെ കേസിലാണ് കോടതി വിധി പറഞ്ഞത്. ആദ്യ കേസിലെ ശിക്ഷാ കാലാവധിക്കുശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ. മൂന്നാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തി. ആറ് കേസുകളാണ്‌ മനുവിനെതിരെയുള്ളത്‌. നാല് കേസുകളുടെ വിചാരണ പൂർത്തിയായി. ഒരു കേസിൽ പ്രതിയെ ഇതേ കോടതി കഴിഞ്ഞ മാസം ശിക്ഷിച്ചിരുന്നു. കുറ്റക്കാരനായി കണ്ടെത്തിയ മൂന്നാമത്തെ കേസിൽ ശനിയാഴ്ച വിധി പറയും.


തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ്‌ സെന്ററിൽ കുട്ടിയെ പരിശീലനത്തിനെന്നു പറഞ്ഞ് ജിമ്മിലേക്കും കുളിമുറികളിലേക്കും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. കുട്ടിയുടെ നഗ്ന ഫോട്ടോയും വീഡിയോയും എടുത്തു. പീഡനം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട്‌ പരിശീലനത്തിനായി മറ്റൊരു സ്ഥലത്തേക്ക് മാറി. പരിശീലനത്തിനെത്തിയ അഞ്ച് കുട്ടികളെ പ്രതി പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവരും പിന്നീട്‌ മറ്റ്‌ പരിശീലന കേന്ദ്രങ്ങളിലേക്ക്‌ മാറി. 2024ൽ തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ പീഡനത്തിൽ ഇരയായ ഒരു പെൺകുട്ടി പ്രതിയെ കണ്ടതോടെ ഭയന്ന് ബഹളംവച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഈ കുട്ടിയുടെ പരാതി പുറത്തറിഞ്ഞതോടെയാണ് മറ്റ് കുട്ടികളും പരാതി നൽകാൻ തയ്യാറായത്‌.


പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഭിഭാഷകരായ സുരഭി, എച്ച്‌ രവികൃഷ്ണൻ തമ്പി എന്നിവർ ഹാജരായി. കന്റോൺമെന്റ് പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ്‌ഐമാരായ എസ്‌ ഷെഫിൻ, നിതിൻ നളൻ എന്നിവരാണ് കേസന്വേഷിച്ചത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home