അയോധ്യ സംഭാവന തട്ടിപ്പ്: ഒടുവിൽ കേസെടുത്ത് യുപി പൊലീസ്; 8 പേർ പ്രതികൾ

ലഖ്നൗ : അയോധ്യ രാമക്ഷേത്രത്തിലെ കോടികളുടെ സംഭാവന തട്ടിപ്പിൽ ഒത്തുകളികൾക്കൊടുവിൽ എട്ടുപേർക്കെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. ക്ഷേത്ര ട്രസ്റ്റ് അംഗം നൽകിയ പരാതിയിലാണ് കേസ്. പ്രത്യേകാന്വേഷണ സംഘം (എസ്ഐടി) കോടികളുടെ അഴിമതി സ്ഥിരീകരിച്ച് പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ യുപി സർക്കാർ മടിച്ചുനിന്നതിനെതിരെ രാജ്യവ്യാപകമായി വലിയ ജനരോഷവും വിമർശനവുമുയർന്നു. ഇതിന് പിന്നാലെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായത്.
ആർഎസ്എസുമായും സംഘപരിവാറുമായും അടുത്ത ബന്ധമുള്ള നേതാക്കൾ ഉൾപ്പെട്ട ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളും ഫണ്ടും നിയന്ത്രിച്ചിരുന്നത്. ഭക്തർ നൽകുന്ന കാണിക്ക എണ്ണുന്നതും കോടികളുടെ സംഭാവനകൾ കൈകാര്യം ചെയ്യുന്നതും ഈ സംഘപരിവാർ നേതാക്കളുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു. എന്നാൽ കാണിക്കപ്പണത്തിലും വിലപിടിപ്പുള്ള സ്വർണ്ണമുൾപ്പെടെയുള്ള സാധനങ്ങളിലും വലിയ രീതിയിലുള്ള തിരിമറി നടക്കുന്നു എന്ന ആരോപണം ഉയർന്നതോടെ ബിജെപി സർക്കാർ പ്രതിരോധത്തിലായി. ഒടുവിൽ നാണക്കേട് മറക്കാൻ ട്രസ്റ്റിനെ ഭരണപരമായ ചുമതലകളിൽനിന്ന് മാറ്റിനിർത്താൻ സർക്കാർ നിർബന്ധിതരായി. ഇതോടെ താല്കാലിക ചുമതല ജില്ലാ മജിസ്ട്രേറ്റിന് കൈമാറുകയുമായിരുന്നു.
ക്ഷേത്ര ഫണ്ടിൽ നിന്ന് മാത്രം 200 കോടി രൂപയുടെ ഭീമമായ അഴിമതിയാണ് സംഘപരിവാർ നേതാക്കളുടെ ഒത്താശയോടെ നടന്നതെന്നാണ് ഉയർന്നിട്ടുള്ള ഗുരുതരമായ ആരോപണം. ജനരോഷം തണുപ്പിക്കാൻ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിന് ശേഷം ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് എസ്ഐടി റിപ്പോർട്ട് കൈമാറിയിട്ടും പൂഴ്ത്തിവെക്കാനാണ് സർക്കാർ ശ്രമിച്ചത്.
സംഘപരിവാർ നോമിനികളുടെ കള്ളക്കളി പുറത്തുകൊണ്ടുവരുന്ന ഗുരുതര കണ്ടെത്തലുകളാണ് എസ്ഐടി റിപ്പോർട്ടിൽ ഉള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭക്തർ സമർപ്പിച്ച കോടിക്കണക്കിന് രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിലും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ സംരക്ഷണത്തിലും ബോധപൂർവ്വമായ വീഴ്ചകളും വൻ പിഴവുകളും പറ്റിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വൻതോതിലുള്ള മേൽനോട്ടപ്പിഴവും പണം കൈകാര്യം ചെയ്യുന്നതിൽ ക്രിമിനൽ വീഴ്ചയും നടന്നിട്ടുണ്ട്. പണം എണ്ണിയവരുടെയും ഇതിന് മേൽനോട്ടം വഹിച്ച ആർഎസ്എസ് നേതാക്കളുടെയും, ബാങ്ക് ഇടപാടുകൾ നടത്തിയവരുടെയും സിസിടിവി ചുമതലയുള്ളവരുടെയും കൃത്യമായ പേരുവിവരങ്ങളും അഴിമതിയിലെ പങ്കും എസ്ഐടി റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്.
ആരോപണവിധേയരായ ഉന്നതർക്കെതിരേ എഫ്ഐആർ രേഖപ്പെടുത്തി ഉടനടി വിശദാന്വേഷണം നടത്തണമെന്നും, തെളിവുശേഖരണമടക്കം നടത്തി നിയമപരമായി ശക്തമായി മുമ്പോട്ട് പോകണമെന്നും എസ്ഐടി റിപ്പോർട്ടിൽ ശുപാർശയുണ്ട്.









0 comments