എബോള ആഗോള ഭീഷണിയാകാൻ സാധ്യതയില്ല; ലോകാരോഗ്യ സംഘടന

ഡോ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് (Christopher Black/WHO/ via REUTERS)
ജനീവ : ഡി ആർ കോംഗോയിൽ നിന്നുള്ള എബോള വ്യാപനം ആഗോളതലത്തിൽ വലിയൊരു ഭീഷണിയാകാൻ സാധ്യതയില്ലെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അഥനോ ഗെബ്രിയേസുസാണ് ഇക്കാര്യം അറിയിച്ചത്.
ഡി ആർ കോംഗോയിൽ നിന്നും ഫ്രാൻസിലേക്ക് മടങ്ങിയെത്തിയ ഒരു ഡോക്ടർക്ക് ബുധനാഴ്ച എബോള സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പുറത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ എബോള കേസാണിത്. ഈ പശ്ചാത്തലത്തിലാണ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന വിശദീകരണവുമായി ലോകാരോഗ്യസംഘടന രംഗത്തെത്തിയത്.
എബോള വ്യാപനത്തിൽ നിലവിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്നും ഡോ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് വ്യക്തമാക്കി. എന്നാൽ ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗബാധയെ അതീവ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ ഏകദേശം 80 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ നേരിടുന്ന ആരോഗ്യപരമായ അപകടസാധ്യതകളെയും, ആശുപത്രികളിലും മറ്റും അണുബാധ തടയേണ്ടതിന്റെ അനിവാര്യതയെയുമാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം ഫ്രാൻസിൽ എബോള സ്ഥിരീകരിച്ച ഡോക്ടർക്ക് യാത്രയിലുടനീളം തലവേദനയല്ലാതെ മറ്റു ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. യാത്രക്കിടെ ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് പാരീസിൽ വിമാനമിറങ്ങി. രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുൻപുതന്നെ ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റി. നിലവിൽ ഡോക്ടറുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
നിലവിൽ ഡി ആർ കോംഗോയിൽ 1,000ൽ അധികം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 267 മരണവും ഉൾപ്പെടുന്നു.
ഡി ആർ കോംഗോയിലെയും ഉഗാണ്ടയിലെയും എബോള വ്യാപനത്തിൽ നിരവധിപേർക്കാണ് ജീവൻ നഷ്ടമായത്. നിലവിൽ പ്രത്യേക ചികിത്സയോ ഫലപ്രദമായ വാക്സിനോ ലഭ്യമല്ലാത്ത, എബോളയുടെ അപൂർവ വകഭേദമായ 'ബൂൻഡി ബുഗ്യോ' ആണ് ഈ മരണങ്ങൾക്കും രോഗവ്യാപനത്തിനും പിന്നിൽ. എബോള വൈറസിന് ആകെ ആറ് വകഭേദങ്ങളാണുള്ളത്. ഇതിൽ ഒന്നാണ് ഇപ്പോൾ പടരുന്ന ബൂൻഡി ബുഗ്യോ. സൈർ (Zaire), സുഡാൻ (Sudan), ടായ് ഫോറസ്റ്റ് (Taï Forest), റെസ്റ്റോൺ (Reston), ബോംബാലി (Bombali) എന്നിവയാണ് മറ്റു അഞ്ച് വകഭേദങ്ങൾ.
ഇതിനുമുമ്പ് കോംഗോയിൽ എബോള റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു. അന്ന് 34 പേർക്കാണ് രോഗബാധയെ തുടർന്ന് ജീവൻ നഷ്ടമായത്. എന്നാൽ രാജ്യത്തെ ഏറ്റവും ഭീതിപ്പെടുത്തിയ എബോള വ്യാപനം ഉണ്ടായത് 2018-2020 കാലഘട്ടത്തിലാണ്. അന്ന് വൈറസ് ബാധയെ തുടർന്ന് 2,300 പേരാണ് മരണപ്പെട്ടത്.










0 comments