ജൂലൈ ഒന്നിന് രാജ്യവ്യാപക പ്രക്ഷോഭം
print edition തൊഴിലുറപ്പ് തൊഴിലാളി പ്രതിഷേധത്തിന് സിഐടിയു പിന്തുണ

തിരുവനന്തപുരം : ജൂലൈ ഒന്നിന് തൊഴിലുറപ്പ് തൊഴിലാളികൾ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന് സിഐടിയു സംസ്ഥാന കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ഓൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്സ് യൂണിയന്റെയും ഗ്രാമീണ തൊഴിലാളി സംഘടനകളുടെ സംയുക്ത വേദിയുടെയും ആഹ്വാനപ്രകാരമാണ് പ്രതിഷേധ ദിനാചരണം.
വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ മുഴുവൻ തൊഴിലാളികളും പങ്കെടുക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.ഗ്രാമീണ ജനതയുടെ നിയമപരമായ തൊഴിൽ സുരക്ഷയായ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കി പകരം കോർപറേറ്റുകളെയും കരാറുകാരെയും സഹായിക്കുന്ന ‘വിബി-ജി ആർഎഎംജി' പദ്ധതി അടിച്ചേൽപ്പിക്കുന്ന കേന്ദ്രനയത്തിനെതിരെയാണ് സമരം.
തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുന്നത് ഗ്രാമീണ ദരിദ്രരെ കടുത്ത കടക്കെണിയിലേക്കും ദുരിതങ്ങളിലേക്കും തള്ളിവിടും. ഗ്രാമീണ വേതന തകർച്ച നഗരങ്ങളിലെ വ്യവസായ, നിർമാണ മേഖലകളെയും ബാധിക്കും. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ മുതലാളിമാർക്ക് അവസരമൊരുക്കും. പുതിയ പദ്ധതി ഉടനടി പിൻവലിക്കുക, വർഷത്തിൽ കുറഞ്ഞത് 200 ദിവസത്തെ തൊഴിൽ നിയമപരമായി ഉറപ്പാക്കുക, വിലക്കയറ്റത്തിന് ആനുപാതികമായി വേതനം വർധിപ്പിക്കുക, നഗര തൊഴിലാളികൾക്കായി പ്രത്യേക തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ മുന്നോട്ടുവയ്‌ക്കുന്നത്.









0 comments