ad
Deshabhimani

എഫ്‌സിആർഎ ചട്ടഭേദഗതി

print edition ലക്ഷ്യം ന്യ‍ൂനപക്ഷങ്ങളും ജനാധിപത്യ ഇടങ്ങളും

editorial.
വെബ് ഡെസ്ക്

Published on Jun 26, 2026, 12:01 AM | 2 min read

രാജ്യത്തെ സന്നദ്ധസംഘടനകളുടെയും വിദ്യാഭ്യാസ- സാമൂഹ്യ സേവന സ്ഥാപനങ്ങളുടെയും പ്രവർത്തനസ്വാതന്ത്ര്യത്തിനുമേൽ കർശനമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ചുള്ള കേന്ദ്രസർക്കാരിന്റെ പുതിയ എഫ്‌സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ചട്ടഭേദഗതികൾ വ്യാപകമായ ആശങ്കകൾക്ക്‌ ഇടയാക്കുകയാണ്. വിദേശഫണ്ടുകളുടെ സുതാര്യമായ വിനിയോഗം ഉറപ്പാക്കുകയെന്ന പേരിൽ കൊണ്ടുവരുന്ന വ്യവസ്ഥകൾ യഥാർഥത്തിൽ സന്നദ്ധസംഘടനകളും ന്യൂനപക്ഷ വിഭാഗങ്ങളും നേതൃത്വം നൽകുന്ന സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കാനുള്ള ആർഎസ്‌എസിന്റെ അജൻഡയാണ്‌. പുതിയ ചട്ടങ്ങൾ അനുസരിച്ച് സംഘടനകൾക്ക് ഇനി പൊതുവായ സാമൂഹ്യലക്ഷ്യങ്ങൾ ചൂണ്ടിക്കാട്ടി വിദേശസംഭാവന സ്വീകരിക്കാൻ കഴിയില്ല. മതം, സംസ്കാരം, വിദ്യാഭ്യാസം, സാമൂഹ്യം, സാമ്പത്തികം എന്നീ അഞ്ച് മേഖലകളിലായി കേന്ദ്രസർക്കാർ നിർണയിച്ച 105 പ്രവർത്തനങ്ങളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കണം.


പ്രവർത്തന റിപ്പോർട്ടുകളും വാർഷിക കണക്കുകളും സമർപ്പിക്കുന്നതിനൊപ്പം സമൂഹമാധ്യമ അക്കൗണ്ടുകൾ, വെബ്സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പത്രങ്ങളിൽ എഴുതുന്ന ലേഖനങ്ങൾ, പ്രധാന സംഭാവനദാതാക്കളുടെ വിവരങ്ങൾ, ഫണ്ടിന്റെ യഥാർഥ ഉറവിടം തുടങ്ങിയ വിശദാംശങ്ങൾ നിർബന്ധമായും നൽകണമെന്ന വ്യവസ്ഥ കടുത്ത നിരീക്ഷണസംവിധാനത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസ, ആരോഗ്യ, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ വിദേശസഹായത്തെ ആശ്രയിക്കാറുണ്ട്‌. ലഭിച്ച തുകയുടെ 75 ശതമാനം വിനിയോഗിച്ചതായി സർക്കാരിനെ ബോധ്യപ്പെടുത്തിയാൽമാത്രമേ അടുത്ത ഗഡു അനുവദിക്കാവൂ എന്ന വ്യവസ്ഥ ചെറുസംഘടനകൾക്ക് തിരിച്ചടിയാകും. ഗുരുതരമായ ആശങ്ക ഉയരുന്നത് ‘നിഷ്ക്രിയ സംഘടന’ എന്ന പേരിൽ ലൈസൻസ് റദ്ദാക്കാനുള്ള അധികാരം ഭരണകൂടത്തിന് നൽകുന്നതാണ്. പ്രത്യേകിച്ച് ഭരണകൂടത്തിന്റെ നയങ്ങളെ വിമർശിക്കുന്നതോ സാമൂഹിക- പരിസ്ഥിതി വിഷയങ്ങളിൽ ജനകീയസമരങ്ങൾക്ക് നേതൃത്വം നൽകുന്നതോ ആയ സംഘടനകൾക്ക് ഇത് ഭീഷണിയാകും.


വിദേശഫണ്ട് മതപരിവർത്തനത്തിനായി ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥയും വലിയ വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. മതപരിവർത്തനം എന്നത് എങ്ങനെ നിർവചിക്കപ്പെടും, ഏതെല്ലാം പ്രവർത്തനങ്ങളെയാണ് അതിന്റെ പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. ഈ അവ്യക്തതതന്നെ നിയമത്തിന്റെ ദുരുപയോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യസേവന സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലിലാക്കും. ഇതിനോടകംതന്നെ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


എഫ്‌സിആർഎയുടെ ചരിത്രം പരിശോധിച്ചാൽ, വിദേശ സംഭാവന നിയന്ത്രണ നിയമം പല ഘട്ടങ്ങളിലും രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നു കാണാം. അടിയന്തരാവസ്ഥക്കാലത്ത് 1976ൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന ആദ്യനിയമം പ്രധാനമായും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടായിരുന്നു. പിന്നീട് 2010ൽ യുപിഎ സർക്കാർ നിയമം പുതുക്കിയപ്പോൾ സന്നദ്ധസംഘടനകൾക്കുമേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 2020-ൽ മോദിസർക്കാർ നിയമം കൂടുതൽ കർക്കശമാക്കി. ഇതിനിടെ എഫ്‌സിആർഎ ചട്ടങ്ങൾ ലംഘിച്ച് ബിജെപിയും കോൺഗ്രസും വിദേശസംഭാവന സ്വീകരിച്ചെന്ന ഡൽഹി ഹൈക്കോടതി കണ്ടെത്തലിനെ തുടർന്ന് രാഷ്ട്രീയപാർടികൾക്ക് അനുകൂലമായ രീതിയിൽ നിയമഭേദഗതികൾ കൊണ്ടുവരുന്നതിൽ ഇരുപാർടികളും ഒന്നിക്കുകയും ചെയ്‌തിരുന്നു.


എഫ്‌സിആർഎ നിയമഭേദഗതി ബിൽ മാർച്ചിലാണ്‌ ലോക്‌സഭയിൽ അവതരിപ്പിച്ചത്‌. കടുത്ത പ്രതിഷേധം ഉയർന്നതോടെ ബിൽ പാസാക്കുന്നതിൽനിന്ന്‌ സർക്കാർ പിന്നോട്ടുപോയി. ബിൽ വർഷകാലസമ്മേളനത്തിൽ വീണ്ടും കൊണ്ടുവരാനിരിക്കെയാണ്‌ നിലവിലുള്ള ചട്ടങ്ങളിൽ കടുത്ത വ്യവസ്ഥകൾ കൊണ്ടുവന്നത്‌. രജിസ്ട്രേഷൻ നൽകാനും പുതുക്കാനും റദ്ദാക്കാനും ലൈസൻസിങ് അതോറിറ്റിക്ക് അസാധാരണമായ അധികാരങ്ങൾ നൽകുന്ന നിർദേശങ്ങളായിരുന്നു മാർച്ചിൽ അവതരിപ്പിച്ച ബില്ലിൽ ഉണ്ടായിരുന്നത്‌. എൻജിഒകളുടെ ഫണ്ടുകളും സ്വത്തുക്കളും ആസ്തികളും നിയന്ത്രണത്തിലാക്കാനും അവ സർക്കാർ ഏജൻസികൾക്ക് കൈമാറാനും കഴിയുന്ന വ്യവസ്ഥകളും ഉണ്ടായിരുന്നു.


വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട നിയമങ്ങൾ മുസ്ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടായിരുന്നെങ്കിൽ, ഇപ്പോഴത്തെ എഫ്‌സിആർഎ ചട്ടഭേദഗതികൾ ക്രിസ്ത്യൻ വിഭാഗങ്ങൾ നേതൃത്വം നൽകുന്ന സ്ഥാപനങ്ങളെ നിയന്ത്രണത്തിലാക്കാനാണ്‌. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളെ മാനിച്ചും സിവിൽ സമൂഹത്തിന്റെ സ്വതന്ത്രപ്രവർത്തനങ്ങളെ സംരക്ഷിച്ചും മാത്രമേ നിയമനിർമാണങ്ങളും ചട്ടഭേദഗതികളും കൊണ്ടുവരാവൂ. അല്ലാത്തപക്ഷം ജനാധിപത്യത്തിന്റെ ജീവശ്വാസമായ വൈവിധ്യമാർന്ന സാമൂഹിക ഇടങ്ങൾ ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home