ഓണക്കാലത്ത് മൂന്നാറിൽ നീല വസന്തം; സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കി നീലക്കുറിഞ്ഞി

നീലക്കുറിഞ്ഞി| Photo: Munnar holidays
ഇടുക്കി : ഓണക്കാലത്ത് മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കി നീലക്കുറിഞ്ഞി പൂത്തുതുടങ്ങി. പച്ചപ്പുനിറഞ്ഞ മലനിരകൾക്കൊപ്പം നീലക്കുറിഞ്ഞിയുടെ മനോഹര കാഴ്ചകളും ഇത്തവണ മൂന്നാറിന്റെ പ്രധാന ആകർഷണമാകും. മൂന്നാർ ഇക്കാനഗർ മലഞ്ചെരുവുകളിലും നല്ലതണ്ണി റോഡ് മേഖലയിലുമാണ് നിലവിൽ കുറിഞ്ഞി പൂത്തുതുടങ്ങിയിരിക്കുന്നത്.
പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി ഇത്തവണ ഇരവികുളം ദേശീയ ഉദ്യാനത്തിന് പുറത്തുള്ള ചൊക്രമുടി മലനിരകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പ്രധാനമായും വസന്തമൊരുക്കുന്നത്. ഓണാവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഏറെ ആവേശം പകരുന്നതാണ് കുറിഞ്ഞിപ്പൂക്കാലം.
മൂന്നാറിന്റെ പച്ചപ്പിന് മാറ്റുകൂട്ടി നീല വസന്തം കൂടി എത്തിയതോടെ വരും ദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്ക് വർധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ മൺസൂൺ കാഴ്ചകൾ ആസ്വദിക്കാനെത്തിയ സഞ്ചാരികളെ അല്പം അകറ്റിനിർത്തിയിരുന്നു. എന്നാൽ കാലാവസ്ഥ അനുകൂലമാകുകയും കുറിഞ്ഞി പൂത്തുതുടങ്ങുകയും ചെയ്തതോടെ നീലക്കടലായി മാറുന്ന മലനിരകളുടെ കാഴ്ച കാണാൻ കൂടുതൽ സഞ്ചാരികൾ മൂന്നാറിലെത്തുമെന്നാണ് പ്രതീക്ഷ.









0 comments