ടേബിൾ ടെന്നീസ് ഫെഡറേഷന്റെ അംഗീകാരം സസ്പെൻഡ് ചെയ്ത് കായിക മന്ത്രാലയം

ന്യൂഡൽഹി: ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടിടിഎഫ്ഐ)യുടെ അംഗീകാരം കായിക മന്ത്രാലയം സസ്പെൻഡ് ചെയ്തു. ഭരണപരമായ പോരായ്മകളാലാണ് തീരുമാനമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. ഫെഡറേഷൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അഡ്-ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് നിർദേശം നൽകി.
ഈ വർഷം ആദ്യം ഫെഡറേഷന് കായികമന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ തൃപ്തികരമല്ലാത്ത പ്രതികരണമാണ് ഫെഡറേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് മന്ത്രാലയം പറയുന്നു. ശരിയായ ഭരണസംവിധാനങ്ങളുണ്ടാകും വരെ ഫെഡറേഷനെ അഡ്ഹോക് കമ്മിറ്റി നിയന്ത്രിക്കും.
മേഘ്‌ന അഹ്‌ലാവത് ആണ് നിലവിൽ ടിടിഎഫ്‌ഐയെ നയിക്കുന്നത്. 2022 ഡിസംബറിലാണ് ചുമതലയേറ്റത്. ഹരിയാന എംഎൽഎ ദുഷ്യന്ത് ചൗട്ടാലയുടെ ഭാര്യയാണ് മേഘ്‌ന. ഫെഡറേഷന്റെ ആദ്യ വനിത പ്രസിഡന്റാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഫെഡറേഷൻ വിവാദങ്ങളിൽ നിറയുകയാണ്.
സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് ജനുവരിയിൽ സെക്രട്ടറി ജനറലായ മുൻ ടേബിൾ ടെന്നീസ് താരം കമലേഷ് മേത്തയെ സസ്പെൻഡ് ചെയ്തിരുന്നു. സ്റ്റാർ പാഡ്ലർ മണിക ബത്രയെ ടീമിൽ നിന്ന് ഒഴിവാക്കിയത് സംബന്ധിച്ച വിവാദങ്ങളും ഫെഡറേഷനെ പ്രതിസന്ധിയിലാക്കിയിരുന്നു.









0 comments