ബിജെപി നേതാവിന്റെ മരണം
റെയിൽവേയിൽ ജോലിവാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്: യൂത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ

അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് വൈശാഖ് എസ് ദർശൻ, ആത്മഹത്യ ചെയ്ത രതീശൻ
തലശേരി: റെയിൽവെയിൽ ജോലി വാഗ്‌ദാനം ചെയ്‌തു ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് അറസ്‌റ്റിൽ. എറണാകുളം മറ്റൂർ മാണിക്യമംഗലം മോറപ്പള്ളി വീട്ടിൽ വൈശാഖ് എസ് ദർശൻ (37) ആണ് പിടിയിലായത്. തലശേരിയിലെ ബിജെപി നേതാവ് പെരുന്താറ്റിൽ തിരുവാതിരയിൽ രതീശന്റെ ആത്മഹത്യ സംബന്ധിച്ച അന്വേഷണത്തിലാണ് യൂത്ത് നേതാവ് കുടുങ്ങിയത്. യൂത്ത് കോൺഗ്രസ് നേതാവ് വൈശാഖ് ദർശന്റെ ജോലി തട്ടിപ്പിൽ കുടുങ്ങിയാണ് ഗത്യന്തരമില്ലാതെ ബിജെപി എരഞ്ഞോളി പഞ്ചായത്ത് മുൻ പ്രസിഡന്റ് പുതിയ ബസ് സ്‌റ്റാന്റിനടുത്ത സ്വന്തം ഓഫീസിൽ തൂങ്ങിമരിച്ചത്.
പ്രധാനമന്ത്രി ആവാസ് യോജന ഉൾപെടെയുള്ള കേന്ദ്രസർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ഹർജികൾ തയ്യാറാക്കി നൽകുന്നതായിരുന്നു ഓഫീസ്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് രതീശൻ വഴി യൂത്ത് കോൺഗ്രസ് നേതാവ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. ടിടിആർ പോസ്റ്റിലേക്ക് വ്യാജ നിയമന കത്തും നൽകി. എന്നാൽ ആർക്കും ജോലി ലഭിച്ചില്ല. ഈ മാസം ആദ്യം പണം തിരിച്ച് നൽകുമെന്ന് വൈശാഖ് ഉറപ്പ് നൽകിയിരുന്നു. വൈശാഖ് വാക്ക് പാലിക്കാതെ വഞ്ചിച്ചതോടെയാണ് ആഗസ്‌ത് മൂന്നിന് രാവിലെ രതീഷ് ജീവനൊടുക്കിയത്.
രതീഷന്റെ ആത്മഹത്യാകുറിപ്പിൽ വൈശാഖ് ദർശൻ വഞ്ചിച്ചതായി സൂചിപ്പിച്ചിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റാണ് വൈശാഖൻ. ഇയാളെ തലശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. റെയിൽവെയിൽ ജോലി വാഗ്‌ദാനംചെയ്‌ത് പണംപിരിക്കുന്ന തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ്. ഇയാളുടെ വലയിൽ തലശേരിയിലെ ബിജെപി നേതാവ് എങ്ങനെ കുടുങ്ങി എന്നതടക്കമുള്ള കാര്യങ്ങൾ തുടരന്വേഷിച്ചുവരികയാണ്.









0 comments