പശ്ചിമേഷ്യൻ സംഘർഷം; ഒമാൻ തീരത്ത് കപ്പലിന് നേരെ മിസൈലാക്രമണം

പ്രതീകാത്മക ചിത്രം
ദുബായ് : പശ്ചിമേഷ്യയിൽ സമാധാന ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ വീണ്ടും മിസൈലാക്രമണം. ഒമാൻ ദാഹിത് തീരത്തോട് ചേർന്നാണ് സംഭവം. ആക്രമണത്തിൽ കപ്പലിന്റെ എഞ്ചിൻ ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതായി യു കെ മാരിടൈം ഓർഗനൈസേഷൻ അറിയിച്ചു.
അതേസമയം ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമായി തുടരുകയാണ്. ജനവാസ മേഖലകൾ ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ പുതിയ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ഇറാൻ - അമേരിക്ക ധാരണക്ക് ശേഷം മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ ആക്രമണമാണിത്. നാവികർക്കായി ഒമാൻ സുരക്ഷിതപാത തുറന്നതിന് തൊട്ടുപിന്നാലെയാണ് ഈ മിസൈലാക്രമണം ഉണ്ടായത്. എന്നാൽ തങ്ങളുമായി യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് ഒമാൻ ഇത്തരമൊരു നാവികപാത തുറന്നതെന്ന് ഇറാൻ നേരത്തെ വിമർശിച്ചിരുന്നു.
ലെബനനിൽ ഇസ്രയേൽ തുടരുന്ന ആക്രമണത്തിൽ ഇന്ന് മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഈ ആഴ്ച ലെബനനിൽ 7 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. എന്നാൽ ലെബനനിൽനിന്ന് സേനയെ പിൻവലിക്കില്ലെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി അറിയിച്ചു. ഹിസ്ബുള്ളയെ നിരായുധരാക്കുന്നതുവരെ ലെബനനിൽ സൈന്യം തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കി.









0 comments