ad
Deshabhimani

പിഎം ശ്രീ

print edition സർക്കാർ വാശിപിടിക്കുന്നത്‌ ഭരണഘടനാസാധുത 
ഇല്ലാത്ത കരാറിൽ

PM Shri Fund
വെബ് ഡെസ്ക്

Published on Jun 25, 2026, 11:07 PM | 1 min read

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതി നടപ്പാക്കുകയല്ലാതെ മറ്റുമാർഗമില്ലെന്ന്‌ സമർഥിക്കാൻ യുഡിഎഫ്‌ സർക്കാർ ചൂണ്ടിക്കാണിക്കുന്ന മുൻധാരണപത്രത്തിന്‌ ഭരണഘടനാസാധുതയില്ലെന്ന്‌ നിയമവിദഗ്‌ധർ. അനുച്ഛേദം 299 പ്രകാരം സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള കരാറുകളിൽ രാഷ്‌ട്രപതിയോ ഗവർണറോ അധികാരപ്പെടുത്തിയയാൾ വേണം ഒപ്പിടാൻ. അതല്ലെങ്കിൽ കരാറുകൾക്ക്‌ നിയമ പ്രാബല്യമുണ്ടാകില്ല.


പിഎം ശ്രീ കരാറിൽ കേന്ദ്ര, -സംസ്ഥാന സർക്കാരുകളുടെ വകുപ്പ് സെക്രട്ടറിമാരാണ് ഒപ്പിട്ടത്‌. ഗവർണർക്കോ രാഷ്‌ട്രപതിക്കോ വേണ്ടിയല്ല ഇവർ ഒപ്പിട്ടത്‌. ബിഹാറും കരം ചന്ദ് ഥാപ്പർ ആൻഡ്‌ ബ്രദേഴ്‌സ് ലിമിറ്റഡും തമ്മിലുള്ള കേസിൽ(1961) അനുച്ഛേദം 299 ലംഘിച്ചുള്ള കരാർ അസാധുവാണെന്ന്‌ സുപ്രീംകോടതി വിധിയുണ്ട്‌. കേരളവും തിരുവനന്തപുരം ഗോൾഫ് ക്ലബും തമ്മിലുള്ള കേസിൽ കേരള ഹൈക്കോടതിയും സമാന നിരീക്ഷണം നടത്തി.


അനുച്ഛേദം 166 പ്രകാരമുള്ള ‘റൂൾസ് ഓഫ് ബിസിനസ് ഇൻ ഗവൺമെന്റ്‌’ പ്രകാരം നയപരമായ കാര്യങ്ങൾ മന്ത്രിസഭയിൽ മാത്രമേ തീരുമാനിക്കാവൂ. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങൾക്ക്‌ ധനവകുപ്പിന്റെ അംഗീകാരം വേണം. ഇത്തരം കൂടിയാലോചനയില്ലാതെ വകുപ്പ് എടുക്കുന്ന തീരുമാനം നിയമപരമായി നിലനിൽക്കില്ല. പിഎം ശ്രീ പദ്ധതിയിൽ ചെലവിന്റെ 40 ശതമാനവും സംസ്ഥാനമാണ്‌ നൽകേണ്ടത്‌. അത്‌ കേരളത്തിന്‌ സാമ്പത്തിക ബാധ്യതയുണ്ടാക്കും.


ധനവകുപ്പിന്റെ അംഗീകാരമില്ലാതെ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഏതു തീരുമാനവും അസാധുവാണെന്ന് ബാൽ കല്യാണി – മഹാരാഷ്ട്ര കേസിലുൾപ്പെടെ കോടതി വിധിയുണ്ട്. മന്ത്രിസഭയുടെ അനുമതിയില്ലാതെ നയപരമായ വിഷയത്തിലുള്ള തീരുമാനം അസാധുവാണെന്ന് ചന്ദ്രപൂർ ഡിസ്ട്രിക്ട്‌ സെൻട്രൽ കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡും മഹാരാഷ്ട്രയും തമ്മിലുള്ള കേസിലും ഹൈക്കോടതി വിധിയുണ്ട്‌.

എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ മന്ത്രിസഭ വിഷയം ചർച്ച ചെയ്‌തെങ്കിലും തീരുമാനമെടുത്തില്ല. കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലും കേരളം പിഎം ശ്രീ പദ്ധതി നിർത്തിവച്ചിരിക്കുകയാണെന്ന്‌ വ്യക്‌തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home