വിപണിക്ക് ആശ്വാസം; നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് സൂചികകൾ

പ്രതീകാത്മക എഐ ചിത്രം (AI Image - ChatGPT)
മുംബൈ : ആഗോള വിപണിയിലുണ്ടായ അനുകൂല ചലനങ്ങളും ആഭ്യന്തര നയങ്ങളും ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്തായി. സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ക്രൂഡ് ഓയിൽ വില കുറഞ്ഞതും രൂപയുടെ മൂല്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമീപകാല തീരുമാനങ്ങളും വിദേശ നിക്ഷേപകരെ ആകർഷിച്ചു.
ബിഎസ്ഇ സെൻസെക്സ് 109.25 പോയിന്റ് അഥവാ 0.14 ശതമാനം ഉയർന്ന് 77,100.47 എന്ന നിലയിലും, എൻഎസ്ഇ നിഫ്റ്റി 34.35 പോയിന്റ് അഥവാ 0.14 ശതമാനം നേട്ടത്തോടെ 24,056.00 എന്ന നിലവാരത്തിലും വ്യാപാരം അവസാനിപ്പിച്ചു.
എന്നാൽ ഇന്നത്തെ സൂചികകളിലെ ചെറിയ മുന്നേറ്റം വിപണിയിൽ പൂർണമായി ശുഭസൂചന നൽകുന്നില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. മേയ് മാസത്തിലെ ഉയർന്ന നിരക്കിൽ നിന്ന് ക്രൂഡ് ഓയിൽ വില ഏകദേശം 37 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ ടാങ്കറുകൾ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. ഇതോടെ മാസങ്ങളായി ഇന്ത്യൻ വിപണിയെ വലച്ച ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ മാറുന്നതായാണ് വിപണി നൽകുന്ന സൂചന.
ഇന്ധനവിലയിലുണ്ടായ കുറവ് ഓട്ടോമൊബൈൽ, വ്യോമയാന മേഖലകൾക്ക് വൻ കുതിപ്പേകി. പാസഞ്ചർ വാഹനങ്ങൾ, വാണിജ്യ വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ പ്രകടമായ ഈ മുന്നേറ്റം ഒരു താൽക്കാലിക ചലനത്തിനപ്പുറം വിപണിയുടെ റീ-റേറ്റിംഗിനാണ് വഴിവെച്ചിരിക്കുന്നത്. ഓയിൽ & ഗ്യാസ്, മെറ്റൽസ് മേഖലകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോളതലത്തിൽ കമ്മോഡിറ്റി വിപണിയിലുണ്ടായ ഇടിവാണ് മെറ്റൽസ് സൂചികകൾക്ക് തിരിച്ചടിയായത്.
മുഹറം പ്രമാണിച്ച് വെള്ളിയാഴ്ച വിപണിക്ക് അവധിയാണ്. 2026ൽ ഇന്ത്യക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ മാക്രോ സാമ്പത്തിക അനുകൂല സാഹചര്യത്തിനാണ് നിലവിൽ വിപണി സാക്ഷ്യം വഹിക്കുന്നത്.










0 comments