ad
Deshabhimani

പ്രിയദർശിനി ബസ്: സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; തൃശൂരിൽ സർവീസ് നിർത്താനൊരുങ്ങി 200 ഓളം ബസുകൾ

....

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jun 25, 2026, 03:37 PM | 1 min read

തൃശൂർ: സർക്കാർ നടപ്പിലാക്കിയ 'പ്രിയദർശിനി സൗജന്യയാത്ര' പദ്ധതിയെത്തുടർന്ന് സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിൽ. നഷ്ടം സഹിക്കാനാവാതെ തൃശൂർ ജില്ലയിലെ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്താനൊരുങ്ങുന്നു.


അടുത്ത മാസം മോട്ടോർ വാഹന വകുപ്പിന് ജി ഫോം സമർപ്പിക്കാനാണ് ഉടമകളുടെ തീരുമാനം. രാവിലെ മുതൽ രാത്രി വരെ കഷ്ടപ്പെട്ട് സർവീസ് നടത്തിയിട്ടും ജീവനക്കാരുടെ വേതനം പോലും നൽകാൻ കഴിയാത്ത അവസ്ഥയാണെന്ന് ബസുടമകൾ പറയുന്നു.


ഇന്ധനച്ചെലവും വാഹനത്തിന്റെ അറ്റകുറ്റപ്പണികളും കഴിഞ്ഞാൽ ലഭിക്കുന്ന വരുമാനം മുൻപത്തേക്കാൾ നേർപകുതിയായി കുറഞ്ഞു. പ്രതിദിനം 500 രൂപ മാത്രമാണ് നിലവിൽ ജീവനക്കാർക്ക് ലഭിക്കുന്നതെന്നും സംഘടന ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.


ബജറ്റിൽ സ്വകാര്യ ബസ് ഉടമകൾ വലിയ പ്രതീക്ഷ വെച്ചിരുന്നെങ്കിലും അനുകൂലമായ യാതൊരു പ്രഖ്യാപനവും ഉണ്ടായില്ല. സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കുക, ഇന്ധനം പകുതി വിലയ്ക്ക് നൽകുക, സൗജന്യ യാത്ര സ്വകാര്യ ബസുകളിലും നടപ്പിലാക്കി, അതിനുള്ള തുക സബ്‌സിഡിയായി ഉടമകൾക്ക് അനുവദിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് സ്വകാര്യ ബസുടമകൾ സർക്കാരിന് മുന്നിലേക്ക് വയ്ക്കുന്നത്.


ഈ ആവശ്യങ്ങളൊന്നും സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. ഇതിനോടകം തൃശൂർ നഗരത്തിലെ 10 സ്വകാര്യ ബസുകൾ ജി. ഫോം സമർപ്പിച്ചു കഴിഞ്ഞു.


തൃശൂർ–പാലക്കാട്, ഗോവിന്ദാപുരം, കൊഴിഞ്ഞാമ്പാറ, ചാലക്കുടി–മാള, കൊടുങ്ങല്ലൂർ–എറണാകുളം തുടങ്ങിയ റൂട്ടുകളിലെ ബസുകളാണ് കൂട്ടത്തോടെ സർവീസ് നിർത്താൻ ഒരുങ്ങുന്നത്. ഒരു നിശ്ചിത കാലത്തേക്ക് ബസിന്റെ സർവീസ് നിർത്തിവെക്കാൻ അനുവദിക്കുന്ന സംവിധാനമാണ് ജി ഫോം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home