വീട്ടിലും ജന്മദിനത്തിലും എല്ലാം ഒപ്പമുണ്ട്; എംഡിഎംഎ കേസ് പ്രതിയുമായി സതീശന് പണ്ടേ അടുപ്പം: എം വി ഗോവിന്ദൻ

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനൊപ്പമുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രം എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടപ്പോൾ
തിരുവനന്തപുരം: എംഡിഎംഎ കേസിൽ തന്റെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററെ സംരക്ഷിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ നുണകൾ ആവർത്തിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് കെ എച്ച് മുഹമ്മദ് ഹുസൈനുമായി മുഖ്യമന്ത്രിക്ക് പണ്ടുമുതൽക്കേ അടുപ്പമുണ്ട്. ഓപറേഷൻ തൂഫാന്റെ നോഡൽ ഓഫീസറെ മാറ്റിയത് എംഡിഎംഎ കേസിൽ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട ആളുകളെ പിടിച്ചതിനാലാണോ എന്ന സംശയമുണ്ടെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹുസൈനെ നവകേരള സദസ്സിൽ മർദ്ദനമേറ്റപ്പോഴാണ് ആദ്യമായി വിളിച്ചതെന്നും, തിരുമ്മൽ കഴിഞ്ഞപ്പോൾ വീട്ടിൽ പോയി കണ്ടു എന്നുമാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞ്. 2023 നവംബർ 18 മുതൽ ഡിസംബർ 23 വരെയാണ് നവകേരള സദസ് നടന്നത്. ഈ തീയതിക്ക് മുൻപ് ഈ പ്രതി വി ഡി സതീശനൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പൊതുവേദിയിൽ അല്ലാത്ത ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. നവകേരള സദസിനു മുൻപും സതീശന്റെ സന്തത സഹചാരിയായിരുന്നു ഹുസൈനെന്ന് ഇതിൽനിന്ന് വ്യക്തമാണ്.
നവകേരള സദസിനു ശേഷം രണ്ടോ മൂന്നോ വട്ടം കണ്ടു എന്നാണ് സതീശൻ അവകാശപ്പെടുന്നത്. 18ൽ അധികം ചിത്രങ്ങൾ അതിന് ശേഷം മാത്രം ഈ പ്രതി പങ്കുവെച്ചിട്ടുണ്ട്. സതീശന്റെ ഓഫീസിലും വീട്ടിലും ജന്മദിനത്തിലും കോഴിക്കോട് നടത്തിയ വിരുന്നിൽ പോലും പങ്കെടുക്കുന്ന ചിത്രങ്ങൾ കാണാനാവും.
ഹുസൈൻ സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്റർ ആണെന്ന് സിപിഐ എം ഉയർത്തിയ ആരോപണമല്ല. പ്രതി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ രേഖപ്പെടുത്തിയതാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ വി ഡി സതീശനുമായി ബന്ധപ്പെട്ട പോസ്റ്റുകൾ മാത്രമാണുള്ളത്. പ്രാദേശിക പ്രവർത്തകർ പറഞ്ഞത് അനുസരിച്ചാണ് താൻ വീട് സന്ദർശിച്ചത് എന്ന സതീശന്റെ വാദവും നുണയാണ്. പ്രതിപക്ഷനേതാവായിരിക്കെ സതീശൻ ഹുസൈന്റെ വീട് സന്ദർശിച്ചതോടെയാണ് നാട്ടിലെ കോൺഗ്രസുകാർക്കിടയിൽ ഇയാൾ അറിയപ്പെട്ട് തുടങ്ങിയതെന്ന് വാർത്തകൾ പുറത്തുവന്നു.
തനിക്ക് സോഷ്യൽ മീഡിയ ടീം ഇല്ലെന്നാണ് സതീശൻ ഇപ്പോൾ പറയുന്നത്. എന്നാൽ പ്രതി തന്നെ കഴിഞ്ഞ അഞ്ച് വർഷവും താൻ സതീശന്റെ സോഷ്യൽ മീഡിയ ടീമിന്റെ ഭാഗമായി പ്രവർത്തിച്ച അനുഭവം പറയുന്ന പോസ്റ്റ് കാണാം. അദ്ദേഹം യൂത്ത് കോൺഗ്രസിന്റെ നേതാവാണെന്നും അറിയുന്ന ആളാണെന്നും സതീശൻ സമ്മതിക്കുന്നുണ്ട്. പ്രതിയുടെ ത്യാഗങ്ങളെക്കുറിച്ച് പുകഴ്ത്തുകയായിരുന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചെയ്തത്. നവകേരള സദസിൽ അടി കൊണ്ട ആളാണെന്നും, തിരുമ്മൽ നടത്തി സുഖപ്പെട്ട ആളാണെന്നും ഒക്കെ പറഞ്ഞ്, പൊലീസിന് സന്ദേശം നൽകാനാണ് മുഖ്യമന്ത്രി തയ്യാറായതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments