ad
Deshabhimani

ഓണവിപണി ലക്ഷ്യമിട്ട് കൈത്തറിയും ഖാദിയും; പ്രത്യേക ഇളവുകളുമായി മേളകൾ

Khadi-Handloom Mela

തിരുവനന്തപുരത്തെ ഓണം കൈത്തറി വസ്ത്ര പ്രദർശന വിപണന മേളയിൽ നിന്ന്.

avatar
പി എസ് മഞ്ജരി

Published on Aug 13, 2026, 07:29 PM | 2 min read

തിരുവനന്തപുരം : ഓണവിപണി ലക്ഷ്യമിട്ട് പരമ്പരാ​ഗത വസ്ത്രങ്ങളുടെ വിപണി അണിഞ്ഞൊരുങ്ങി. കൈത്തറി, ഖാദി മേഖല പുതുമയും വൈവിധ്യമുള്ളതുമായ തുണിത്തരങ്ങളുമായാണ് ഈ രം​ഗത്തെ കടുത്ത മത്സരത്തിനെത്തിയിരിക്കുന്നത്. സംസ്ഥാനത്തെങ്ങും തനതായ കൈത്തറി, ഖാദി വസ്ത്രങ്ങളുടെ വിപണന മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഖാദി ​ഗ്രാമദ്യോ​ഗ് കേന്ദ്രങ്ങളിൽ 20 മുതൽ 30 ശതമാനം വരെ റിബേറ്റും ജീവനക്കാർക്കുള്ള പ്രത്യേക ഇളവും ഓണക്കാലത്തുണ്ട്.


ഓണത്തിന് വൈവിധ്യമാർന്ന കൈത്തറി വസ്ത്രങ്ങളാണ് തിരയുന്നതെങ്കിൽ, കിഴക്കേക്കോട്ട ശ്രീ ചിത്തിര തിരുനാൾ പാർക്കിൽ ഒരുക്കിയിരിക്കുന്ന ഓണം കൈത്തറി വസ്ത്ര പ്രദർശന വിപണന മേളയിലുണ്ട്. പരമ്പരാഗത കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിനും നെയ്ത്ത് തൊഴിലാളികളെ സഹായിക്കുന്നതിനുമാണ് മേളയൊരുക്കിയിരിക്കുന്നത്.


ബാലരാമപുരത്തെ കൈത്തറി യൂണിറ്റുകൾ, ഹാന്റക്സ്, ഹാൻഡ്‌വീവ് എന്നിവിടങ്ങളിലെ തുണിത്തരങ്ങൾ 20 ശതമാനം സർക്കാർ റിബേറ്റിൽ വാങ്ങാം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കൈത്തറി വസ്ത്രങ്ങളും മേളയിലുണ്ട്. പുളിയിലക്കര മുണ്ടുകൾ, ഫൈൻ ഫൈബർ കോട്ടൺ സാരികൾ, കുത്താംപുള്ളി സാരികൾ, ജകാർഡ് സാരികൾ - മുണ്ടുകൾ, പുളിയിലക്കര മുണ്ടും നേര്യതും, മുള്ളോത്ത് മുണ്ടുകളും സെറ്റും മുണ്ടും തുടങ്ങി കേളത്തിന്റെ തനത് കൈത്തറി വസ്ത്രങ്ങളുമുണ്ട്.


ഉത്തർപ്രദേശ്, ഹരിയാന, ആന്ധ്രാപ്രദേശ്, പശ്ചിമബം​ഗാൾ, രാജസ്ഥാൻ, തെലുങ്കാന, ജാർഖണ്ഡ്, ബീഹാർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള വസ്ത്രങ്ങളുമുണ്ട്. ജംദാനി, പാനിപ്പത്ത്, കലംകാരി, സിൽക്ക്, ടെസർ സിൽക്ക്, സെമി സിൽക്ക്, ഖദർ, പോച്ചംപള്ളി ഇകത്ത്, മം​ഗള​ഗിരി കോട്ടൺ, ബന്ധാനി തുടങ്ങി വൈവിധ്യമാർന്ന തുണിത്തരങ്ങൾ ഇവിടെയുണ്ട്.


കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം, വീവേഴ്‌സ് സർവീസ് സെന്റർ, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം, കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.


ഹാൻഡ്ലൂം എന്ന പേരിൽ കിട്ടുന്നതെല്ലാം പവർലൂം ആണ്. എന്നാൽ തനതായ കൈത്തറി വസ്ത്രങ്ങളാണ് മേളയിൽ എല്ലാ സ്റ്റാളുകളിലും ലഭ്യമാക്കിയിരിക്കുന്നത്. യഥാർഥ കൈത്തറി ഉല്പന്നങ്ങൾ തിരിച്ചറിയുന്നതിനായി ഹാൻഡ്ലൂം മാർക്കുമുണ്ടെന്ന് കൈത്തറി വസ്ത്ര ഡയറക്ടർ ഡോ കെ എസ് കൃപകുമാർ പറഞ്ഞു. ഓണാഘോഷങ്ങളിലേക്ക് കടക്കുംതോറും കൂടുതൽ ആളുകളെ പ്രതീക്ഷിക്കുന്നതായും ഇപ്പോൾ മേളക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ​ഗസ്ത് 25 വരെയാണ് മേളയുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home