ബ്രസീൽ സൗഹൃദമത്സരത്തിന് മുൻഗണന; ആസിയാൻ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറി

Photo:Mint
ന്യൂഡൽഹി : അഞ്ചുതവണ ലോക ചാമ്പ്യന്മാരായ ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി, പ്രഥമ ഫിഫ ആസിയാൻ ഫുട്ബോൾ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറി. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെ ഇന്തോനേഷ്യയിലാണ് ആസിയാൻ കപ്പ് നടക്കുക. ഒക്ടോബർ മൂന്നിനാണ് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യയും ബ്രസീലും തമ്മിലുള്ള പോരാട്ടം. ആസിയാൻ കപ്പ് ഫൈനലും ഇതേ ദിവസമായതിനാലാണ് പിന്മാറ്റം.
ആസിയാൻ കപ്പിൽ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലായിരുന്നു ഇന്ത്യ. പിന്മാറ്റ കാര്യം ഫിഫയെയും ടൂർണമെന്റ് സംഘാടകരെയും അറിയിച്ചതായി എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ വ്യക്തമാക്കി.
ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കാൻ ഒക്ടോബർ രണ്ടാം വാരം വരെ വൈകുമെന്നതിനാൽ, കളിക്കാർക്ക് ആവശ്യത്തിന് മത്സരപരിചയം ഉറപ്പാക്കാൻ ബ്രസീൽ മത്സരത്തിന് പുറമെ ഉയർന്ന റാങ്കിലുള്ള മറ്റ് രണ്ട് ടീമുകളുമായി സൗഹൃദ മത്സരങ്ങൾ നടത്താൻ എഐഎഫ്എഫ് ചർച്ചകൾ നടത്തിവരികയാണ്. ടൂർണമെന്റ് തുടങ്ങാൻ 30 ദിവസത്തിൽ താഴെ മാത്രം ബാക്കിനിൽക്കെ പിന്മാറുന്നതിനാൽ ഫിഫ പിഴ ഈടാക്കാൻ സാധ്യതയുണ്ട്.









0 comments