സതീശനും മോദിക്കും എതിരെയുള്ള വാർത്തകൾ മാത്രം തെരഞ്ഞുപിടിച്ച് എങ്ങനെ ഒഴിവാക്കുന്നു? എം വി ഗോവിന്ദൻ

വി ഡി സതീശൻ, എം വി ഗോവിന്ദൻ
തിരുവനന്തപുരം: തനിക്ക് അനുകൂലമല്ലാത്ത ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ മെറ്റയോട് ആവശ്യപ്പെട്ടതിലൂടെ സോഷ്യൽ മീഡിയ അടിയന്തിരാവസ്ഥ നടപ്പിലാക്കുകയാണ് യുഡിഎഫ് സർക്കാരെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞ വിവരങ്ങൾ പോലും അപ്രത്യക്ഷമാവുന്നു. മുഖ്യമന്ത്രി വി ഡി സതീശന്റെ മയക്കുമരുന്ന് മാഫിയ ബന്ധത്തെക്കുറിച്ചുള്ള വാർത്തകളും പോസ്റ്റുകളും കൂട്ടത്തോടെ കാണാതാകുന്നു. ഒരു ദേശീയ മാധ്യമത്തോട്, സോഷ്യൽ മീഡിയയെ നിയന്ത്രിക്കണം എന്ന അഭിപ്രായം മുഖ്യമന്ത്രി നേരത്തേതന്നെ പറഞ്ഞിരുന്നു. നരേന്ദ്ര മോദിയയുടെ വഴി തന്നെയാണ് സതീശൻ സർക്കാരും നീങ്ങുന്നതെന്ന് വ്യക്തമാകുകയാണെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മെറ്റയുമായി ബന്ധപ്പെട്ട് തൻ ഒന്നും ചെയ്തിട്ടില്ല എന്നാണ് സതീശൻ അവകാശപ്പെടുന്നത്. സതീശനും മോദിക്കും എതിരെയുള്ള വാർത്തകൾ മാത്രം തെരഞ്ഞുപിടിച്ച് എങ്ങനെ ഒഴിവാക്കുന്നു എന്നതാണ് പ്രശ്നം. വാർത്തകൾ മാത്രമല്ല. നൂറുകണക്കിന് പ്രൊഫൈലുകളും പേജുകളുമാണ് അപ്രത്യക്ഷമായത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും നേരെയുള്ള വെല്ലുവിളി ആണ്.
ഒന്നുമറിയില്ല എന്ന് പറഞ്ഞ സതീശൻ തന്നെ, എങ്ങനെയാണ് മെറ്റ പോസ്റ്റുകൾ നീക്കുന്നത് എന്ന് വിവരിക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപ് മാർച്ച് 25ന് മനോരമ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഒരു വീഡിയോ നീക്കിയതുമായി ബന്ധപ്പെട്ടാണ് ഇത്. തെരഞ്ഞെടുപ്പ് കമീഷന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഈ നടപടി. ഒന്നര ദിവസത്തിന് ശേഷം തെരഞ്ഞെടുപ്പ് കമീഷന്റെ ഇടപെടലിൽ തന്നെ വീഡിയോ തിരിച്ചെത്തി. അന്ന് ഇതിനെല്ലാം നേതൃത്വം നൽകിയ ഉദ്യോഗസ്ഥനാണ് ഇന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി. മുൻപ് ഇദ്ദേഹം ഐ ടി സെക്രട്ടറിയുമായിരുന്നു. അദ്ദേഹത്തിനു മെറ്റയിൽ ഒരു സ്വാധീനവും ഇല്ല എന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറഞ്ഞത്.
പൊലീസ് നിർദേശം നൽകിയാൽ ഇത്തരത്തിൽ അപ്രിയമായ പോസ്റ്റുകളും വാർത്തകളും നീക്കം ചെയ്യാനാവും എന്നത് മോദി സർക്കാർ കാണിച്ചുതന്നതാണ്. ഇതിനായി പ്രത്യേക സൗകര്യവും മെറ്റയും എക്സും എല്ലാം ഒരുക്കിയിട്ടുണ്ട്. ഇത് ആവർത്തിച്ച് നടപ്പിലാക്കുകയാണ് സതീശൻ സർക്കാർ ചെയ്യുന്നത്.
ദേശാഭിമാനിയുടേയും മീഡിയ വണ്ണിന്റെയും ഉൾപ്പെടെ പേജുകൾ മാസങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ അപ്രത്യക്ഷമായിട്ടുണ്ട്. എന്നാൽ കൂട്ടത്തോടെ നിരവധി മാധ്യമങ്ങളുടെ വാർത്തകൾ ഇത്തരത്തിൽ അപ്രത്യക്ഷമാവുന്നത് മുൻപുണ്ടായിട്ടില്ല.
ടി ജി മോഹൻദാസിന്റെ വിദ്വേഷ വീഡിയോ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കാതിരുന്ന സർക്കാരും പൊലീസുമാണ് ഇത് ചെയ്യുന്നത്. അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ഇല്ലാതാക്കാനുള്ള വെല്ലുവിളിക്ക് മുമ്പിൽ പ്രബുദ്ധ കേരളം മുട്ടുമടക്കില്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments