ad
Deshabhimani

മുഖ്യമന്ത്രി ആർഎസ്എസിന് പൂർണമായി കീഴടങ്ങി: ഇല്ലാത്ത നിയമത്തെ കൂട്ടുപിടിച്ച് ഭീഷണിപ്പെടുത്തുന്നു- എം വി ​ഗോവിന്ദൻ

m v govindan

എം വി ​ഗോവിന്ദൻ

വെബ് ഡെസ്ക്

Published on Aug 13, 2026, 05:45 PM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ ആർഎസ്എസിനും സംഘപരിവാറിനും പൂർണമായി കീഴടങ്ങിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കാൻ യുഡിഎഫ് സർക്കാർ തീരുമാനമെടുത്ത് ആർഎസ്എസിന്റെ അജണ്ട നടപ്പാക്കാനാണ്. ഇല്ലാത്ത നിയമത്തെ കൂട്ടുപിടിച്ച്, സംഘപരിവാർ നിർദേശിക്കുന്നത് പോലെ കാര്യങ്ങൾ പൂർണതോതിൽ നടപ്പാക്കാനാണ് സതീശൻ സർക്കാർ ശ്രമിക്കുന്നതെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം താഴത്തേക്ക് നൽകിയത് ചീഫ് സെക്രട്ടറിയാണെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. പക്ഷേ ഇന്നത്തെ വാർത്താസമ്മേളനത്തിൽ മുഴുവൻ പാടിയില്ലെങ്കിൽ മൂന്ന് വർഷം തടവുശിക്ഷ ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തി. നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വന്ദേമാതരം ആലപിക്കുമ്പോൾ ഏതെങ്കിലും വിധത്തിൽ തടസ്സപ്പെടുത്താനോ പ്രശ്നങ്ങൾ സൃഷ്ടിക്കാനോ പാടില്ലെന്ന് മാത്രമാണ് നിയമത്തിൽ പറയുന്നത്.


ചീഫ് സെക്രട്ടറിയുടെ ഉത്തരവ് തിരുത്തുമോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും മുഖ്യമന്ത്രി മറുപടി നൽകിയില്ല. മുഖ്യമന്ത്രിയോട് ചർച്ച ചെയ്യാതെ ചീഫ് സെക്രട്ടറി ഉത്തരവിറക്കില്ല. വന്ദേമാതരം മുഴുവനായി പാടേണ്ടതില്ല എന്ന് പറയാൻ മുഖ്യമന്ത്രി ഇപ്പോഴും തയ്യാറല്ല. വന്ദേമാതരത്തിന്റെ ആദ്യ ഈരടികൾ മാത്രം ആലപിച്ചാൽ മതിയെന്നായിരുന്നു ജവഹർലാൽ നെഹ്‍റുവിന്റെ കാലം മുതൽ കോൺ​ഗ്രസിന്റെ നിലപാട്. ഈ നിലപാട് സ്വീകരിക്കാൻ സതീശന്റെ സർക്കാരിന് സാധിക്കുന്നില്ല.


പിഎംഎവൈ അർബൻ കരാറിൽ കേന്ദ്ര നിർദേശം പൂർണമായി പാലിച്ച് ഒപ്പിടാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം സംഘപരിവാറിന് മുന്നിൽ സാഷ്ടാം​ഗപ്രണാമം നടത്തുന്നതിന്റെ മറ്റൊരു തെളിവാണ്. വീടുകൾക്ക് മുന്നിൽ ചാപ്പകുത്തുന്നതിനെ എൽഡിഎഫ് സർക്കാർ ശക്തമായി എതിർ‌ത്തിരുന്നു. വീട് ഓരോ മനുഷ്യന്റെയും അവകാശമാണ്. ജനങ്ങളുടെ അഭിമാനത്തെ ചോദ്യംചെയ്യാനില്ല എന്ന് നിലപാടെടുത്താണ് പിഎംഎവൈ അർബൻ പദ്ധതിയിൽനിന്ന് വിട്ടുനിൽക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചത്. വീടുകൾ പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും ഔദാര്യമാണെന്ന് അടയാളപ്പെടുത്താനാണ് മുഖ്യമന്ത്രി അം​ഗീകാരം നൽകിയത്.


എഫ്സിആർഎ, ഏക സിവിൽ കോഡ്, പൗരത്വ രജിസ്റ്റർ തുടങ്ങിയ സംഘപരിവാർ പദ്ധതികളും ഇനി കേരളത്തിൽ എതിർപ്പില്ലാതെ നടപ്പാക്കാനാകും മുഖ്യമന്ത്രി ശ്രമിക്കുകയെന്നും എം വി ​ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home